കുറച്ചു കാലത്തിനു ശേഷം ഉസ്കൂള്‍ ഡയറി എഴുതാനൊരു കാരണമുണ്ടായി. രണ്ടു ദിവസം മുമ്പ് കോളേജിലെ പഴയ വിനോദയാത്രകളുടെ ഫോട്ടങ്ങള്‍ എടുത്തു നോക്കി ഓപ്പുവൊരു കണ്ടുപിടുത്തം നടത്തി. പകുതിയില്‍ നിന്നങ്ങോട്ട് ഞാനുള്‍പ്പടെ മൂന്നെണ്ണത്തിന്റെ മോന്തായങ്ങള്‍ മാത്രം എല്ലാ പടങ്ങളിലും പേടിച്ചു കണ്ണുതള്ളി ബ്ലിങ്ങസ്സ്യ പരുവത്തില്‍ ഇരിക്കുന്നുവെന്ന് . കണ്ടുപിടുത്തം ഞാന്‍ കണ്ണുരുട്ടി നിഷേധിച്ചെങ്കിലും സംഭവത്തില്‍ കുറച്ചധികം സത്യമുണ്ടായിരുന്നു. തെന്മല കാടുകളിലേക്ക് നടത്തിയ യാത്രയുടെ സാഹസികത മൊത്തം ഊറ്റി കുടിക്കാന്‍ ഭാഗ്യം ലഭിച്ച മൂന്നെണ്ണം യാത്രക്കവസാനം എല്ലാ അര്‍ത്ഥത്തിലും പടമായി നില്‍ക്കുന്ന പ്രമാദമാന കാഴ്ചയാണ് കടലാസില്‍ വ്യക്തമായി തന്നെ പതിഞ്ഞിരിക്കുന്നത്...!
പണ്ട് പണ്ട്,കോളേജിലെ പ്രധാന പരിപാടി നാടുനിരങ്ങലായിരുന്ന ഗംഭീര സമയത്തിങ്കല്‍ , തെന്മല കാടുകളിലേക്ക് ഈയുള്ളവനുള്‍പ്പടെ കുറച്ചെണ്ണം ഒരു പടപ്പുറപ്പാട് കം ടൂറു നടത്തുകയുണ്ടായി. സെക്കന്റ് ഇയര്‍ പകുതിയോടു കൂടെയാണ് സംഭവം. കാട്ടില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങളുടെ അന്‍പതംഗ ടീമിന് രണ്ടു ഗൈഡ്കളെ അവര്‍ അനുവദിച്ചു തന്നു. ടീമിനെ രണ്ടു കഷണമാകി ഓരോന്നിനെയും ഓരോ ഗൈഡ് അവര്‍കള്‍ നയിച്ചു. കൂട്ടത്തില്‍ ഞങ്ങ മൂന്നു നട്ടപ്രാന്തന്മാര്‍ ഒന്നാമത്തെ ഗ്രൂപിന്റെ അവസാനം, ലോക സജ്ജനങ്ങളെയെല്ലാം കുറ്റം പറഞ്ഞ് ,സര്‍വ്വെണ്ണ ത്തേയും വെറുപ്പിച്ചങ്ങനെ മുന്നോട്ടു നീങ്ങാന്‍ തീരുമാനിച്ചു . കാടിന്റെ നനഞ്ഞ ഇരുട്ടും തണുപ്പും വലിച്ചു കേറ്റി കുറെ നടന്നു കഴിഞ്ഞപ്പോള്‍ ഞങ്ങടെ മുന്നില്‍ നടന്നിരുന്ന ഐറ്റങ്ങള്‍ എല്ലാം മുതുകാടിന്റെ കൈയ്യില്‍ കിട്ടിയ പുസ്പ്പം പോലെ, ശൂം ,അപ്രത്യക്ഷമായിരിക്കുന്നു .ഞങ്ങളുണ്ടോ വല്ലതും വക വെക്കുന്നു. ശ്രദ്ധിച്ചപ്പോള്‍ പിന്നില്‍ നിന്നും ബഹളം കേള്‍ക്കുന്നുണ്ട് . .ഇനിയുള്ള സേവനം പിറകില്‍ വരുന്ന ഗ്രൂപിന് കൊടുക്കാമെന്നുറപ്പിച് ദിദൊക്കെ എന്ത് എന്നും പറഞ്ഞുകൊണ്ട് നാടന്പാട്ടൊക്കെ അലക്കി വീണ്ടും മുന്നോട്ട് .
കുറച്ചു കഴിഞ്ഞപ്പോള്‍ വഴി മെല്ലെ ഇടുങ്ങി തുടങ്ങി. മൂന്നെണ്ണവും പിന്നാലെ പിന്നാലെ വരിവരിയായി നടക്കുന്നതിനിടയില്‍ ഒരുത്തന്‍ 'കാട്ടു വഴികളൊക്കെ ഇങ്ങന്യാന്നെ ...എനിക്കറിയണതല്ലേ ' എന്ന് . ആരും മുണ്ടാമ്പോ യില്ല . വീണ്ടും തിക്കി നിരങ്ങി നടന്നു. പിന്നെ ഒരാള്‍ പൊക്കം പുല്ലിനിടയില്ലൂടൊക്കെയായി നടത്തം . കുറച്ചുകൂടി മുന്നോട്ടു പോയതും എല്ലാവരും ഒന്ന് നിന്നു . . മുന്നില്‍ ഒരു കൂറ്റന്‍ പാറ.കാട്ടുവഴികളറിയുന്ന മാന്യദ്ദേഹം, പാറയില്‍ ചാടിക്കേറി കേറി , നീട്ടിയൊരു നോട്ടം നോക്കി വിളിച്ചു പറഞ്ഞു ,'മാനെ ...ഗൊക്ക...ഗൊക്ക...ഗൊക്ക..'.
ഞാന്‍ ബാക്കിയുള്ള രണ്ടെണ്ണത്തെ നോക്കിയൊന്നു ചിരിച്ചു. അവരെന്നെ നോക്കിയൊന്ന് ഇളിച്ചു. തുടര്‍ന്ന് മൂന്നെണ്ണവും പാടെ തൊള്ള തൊറന്നു നിലവിളിച്ചു.
ഞങ്ങള്‍ എവിടെയാണെന്നോ, ബാക്കിയുള്ളവരെവിടെയാണെന്നോ യാതൊരു ധാരണയുമില്ലാതെ അവിടെ കിടന്നങ്ങനെ ബഹളമുണ്ടാക്കികൊണ്ടിരുന്നു.മുന്നിലുന്ടെന്ന്‍ പിന്നിലുള്ളവരും പിന്നിലുന്ടെന്ന്‍ മുന്നിലുള്ളവരും ധരിച്ചാല്‍ ഞങ്ങളുടെ അവസ്ഥയെന്താകുമെന്നോര്ത്ത് വയറ്റില്‍ ഉരുള്‍ പൊട്ടാന്‍ തുടങ്ങി. വിളിച്ചു കൂവി തളര്ന്ന്‍ പാറകെട്ടില്‍ തലതാങ്ങി ഇരിക്കുമ്പോഴുണ്ട്, കരിയിലകള്‍ മെതിച്ചുകൊണ്ട്,കാക്കിയിട്ട്, ദൈവം തമ്പുരാന്‍ അങ്ങനെ സ്ലോ മോഷനില്‍ ഓടിവരുന്നു. അദ്ദേഹം ഞങ്ങളുടെ അടുതെത്തി ,സഡന്‍ ബ്രേക്കിട്ട് , മുഖത്ത് നോക്കി നാല് നല്ല വര്‍ത്തമാനം പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങള്‍ ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല . റോബിന്‍സണ്‍ ക്രൂസോക്ക് കപ്പല് കിട്ടിയ പോലെ ചുണ്ടിന്റെ രണ്ടു പാതിയിലുമായി ആഹ്ലാദവും അമ്പരപ്പും നിറച്ച് അയാളുടെ കൂടെ തിരികെ നടന്നു. ശുഭം...ഗംഭീരം...ഫണ്ടാറം !
അതിനു ശേഷമുള്ള പടങ്ങളിലാണ് ഞങ്ങളെല്ലാം അങ്ങനെ അന്തം പോയി മോന്തായം ചളുങ്ങി ഇരിക്കുന്നത്. കുറ്റം പറയാനൊക്കുമോ?.