പ്രണയസമ്മാനങ്ങള്‍ എല്ലാവര്ക്കും എല്ലാകാലവും ഓര്മിചിരിക്കാന്‍ തക്കവണ്ണം ഒന്നാന്തരം ഗുട്ടന്ബര്‍ഗായിയന്‍ ഓര്‍മകളായി അവശേഷിക്കാറാണ് പതിവ്. അത് കിട്ടിയതായാലും കൊടുത്തതായാലും. വര്‍ത്തമാനത്തില്‍ ഞാനൊരു പെണ്കിടാവിന്റെയടുത്തു പോയി ആവശ്യത്തിലധികം ഗാംഭീര്യത്തോടെ ബഷീറിന്റെ 'പ്രേമലേഖനം' പുസ്തകം ഏല്പിച്ച് അതിനുള്ളില്‍ 'എനിക്ക് ഉണങ്ങിയ ഒരു കേശവന്‍ നായരാവാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞു ' . കുട്ടി അതിലും ഗാംഭീര്യത്തോടെ പോയി പണി നോക്കാനും പറഞ്ഞു.
ഇതെല്ലാം കഴിഞ്ഞ്.. ദാസനും ഞാനും കൂടെ കോഴിക്കോട് നിന്ന് ട്രെയിനില്‍ വരുമ്പോ ദാസന്‍ പറഞ്ഞു .
'ഡാ മനു ഗള്‍ഫീന്ന് വന്നിട്ടുണ്ട് '
'ഏത് മനു?'
'ഓര്മല്ല്യെ....'
നേഴ്സറി പരിപാടി ചീറ്റി പോയതിനു ശേഷം ജാഗ്രതയോടെ ഞാന്‍ കാത്തിരിക്കയായിരുന്നു.കാത്തിരിപ്പിനൊടുവില്‍ അവര്‍(എന്റെ പ്രാണപ്രിയ മാതാപിതാക്കള്‍ ഓപ്പുവിന്റെ ഒത്താശയോടെ ) അത് ചെയ്തു . എന്നെ അതി ക്രൂരമായി ഉസ്കൂളില്‍ ചേര്‍ത്തു.എന്റെ ഉസ്കൂള്‍ ജീവിതം തുടക്കവും ഗംഭീരമായിരുന്നു ,എന്തായാലും അതിനെ കുറിച്ച് പിന്നെ പറയാം , നമ്മുടെ സംഭവം നടക്കുന്നത് ആറാം ക്ലാസ് വെക്കേഷന്‍ തീര്‍ന്ന്‍ ക്ലാസ് തുടങ്ങി ഏതാണ്ട് ഒരാഴ്ച കഴിഞ്ഞതിനു ശേഷമാണ് .
അഞ്ചാം ക്ലാസ്സ് മുതല്‍ക്ക്ത്തന്നെ ഞാന്‍ ഉസ്കൂളിലെ ഒതുതീര്‍പ്പ് കമ്മിറ്റി ചെയര്‍മാനായി സ്ഥിരം തല്ലുവാങ്ങികൊണ്ടിരിക്കയായിരുന്നു . ക്ലാസിലെ സ്ഥിതി കുറച്ചി കൂടി മോശം (ഏതാണ്ട് ബെഞ്ച് എന്നത് ഇരിക്കാനുള്ള സാധനമാണെന്ന് മറന്നു തുടങ്ങിയ കാലം ). അങ്ങനെയുള്ള ഒരു ദിവസം ഇന്ത്യയുടെ ദേശീയ മൃഗം
പശുവാണെന്ന് പ്രസ്താവിച്ചതിന് ബെഞ്ചിന്റെ മുകളില്‍ ശക്തന്‍ തമ്പുരാന്‍ പ്രതിമയെ പോലെ നെഞ്ചും വിരിച്ചു നില്‍ക്കുമ്പോഴാണ് ഉസ്കൂള്‍ ശിപായി മഹാനായ മണിയന്‍ പിള്ള ക്ലാസിലേക്ക് കടന്നു വരുന്നത്(മണിയന്‍ പിള്ള തന്റെ കൊന്ത്രന്‍ പല്ലുകൊണ്ടാണ് മണിയടിക്കുന്നതെന്നാണ് ഞങ്ങള്‍ ഏറെ കാലം വിശ്വസിച്ചു പോന്നത് !). മണിയന്‍ പിള്ളയുടെ പിന്നാലെ ഒരു പെണ്കിടാവും കടന്നു വന്നു. (ഉയര്‍ന്ന നിലയിലായത് കൊണ്ട് എല്ലാം വ്യക്തമായി കാണാമെന്നൊരു സൌകര്യമുണ്ടല്ലോ !). സുഭദ്ര ടീച്ചര് പറഞ്ഞ അഡ്മിഷനാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് കുട്ടിയെ അവിടെയാക്കി അങ്ങേരു പോയി . ടീച്ചറ് 'കുട്ടി വരൂ ,അവിടെ ഇരുന്നോളൂ ' എന്നും ,(ദവിടെ ഹിരുന്നോളൂ ന്ന്, ഒരുത്തന്‍
ദവിടെ നെഞ്ചും വിരിച്ചു നിക്കണതു കണ്ണില്‍ പിടിക്കാഞ്ഞിട്ടല്ല !,ഹെന്തു ചെയ്യാന്‍!.).
അവളു മെല്ലെ ചൂണ്ടികാണിച്ച സ്ഥലം നോക്കി ഇരിപ്പുറപ്പിച്ചു . അവളോട് പേരും മുമ്പുണ്ടാരുന്ന സ്കൂളും ഒക്കെ ചോദിച്ചു മനസ്സിലാക്കി , എന്നെയും അവളെയും മാറിമാറി നോക്കി ഒന്ന് നിശ്വസിച്ച് 'മോള്‍ക്ക് നമ്മുടെ ദേശീയ മൃഗം ഏതാണെന്ന് നിശ്ചയണ്ടോ ?'ന്ന് ചോദിച്ചു , അവള്‍ കേട്ട പാടെ ചാടിയെഴുന്നേറ്റ് 'കടുവയല്ലേ ടീച്ചറെ' എന്ന്‍ ഉത്തരവും കൊടുത്തു . പറയണോ ബാക്കി , അവള്‍ മിടുക്കിയാണെന്ന സര്‍ട്ടിഫിക്കറ്റ് കൊടുത്തു , എന്നോട് ചോറ് പൊതിയുന്ന പത്ര കഷണമെങ്കിലും വായിക്കാന്‍ ആവശ്യപെട്ടു, രണ്ടാളോടും ഇരുന്നോളാന്‍ പറഞ്ഞു .
ക്ലാസിലാകെ പൊട്ടിച്ചിരി പടര്‍ന്നു . ഞാന്‍ പുതിയതായി വന്നവളെ കനപ്പിച്ച്ചോന്നു നോക്കി മരപലകക്ക് മുകളില്‍ ആസനമുറപ്പിച്ചു.
(അല്ല ,പശുവിനെന്താ കുട്ടീ ഒരു കുറവ് ?,അത് പാല് തരുന്നില്ലേ ,ഒന്നാന്തരം ചാണകം തരുന്നില്ലേ?,കടുവ ഇതിലേതെങ്കിലും ഒന്ന് ചെയ്യുന്നുണ്ടോ?,എന്നിട്ടും ദേശീയ മൃഗം കട്ടബോംമന്‍ കടുവ ,ഹിതെന്ത് ഞ്യായം ?!).
കുറ്റം പറയരുതല്ലോ,കാല് നല്ല ഒന്നാന്തരമായി വേദനിക്കുന്നുണ്ടായിരുന്നു . അതിനെക്കാള്‍ എന്നെ സങ്കടപ്പെടുത്തിയത് താഴത്തേതില്‍ ദാസന്‍ എന്നാ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത് തല പൊത്തകത്തിന്റെ ഉള്ളില്‍ കയറ്റി പഠിപ്പഭിനയിക്കുന്നതായിരുന്നു . മസ്കറ്റിലുള്ള അവന്റെയച്ഛന്‍ തലേ ദിവസം നെടുമ്പാശ്ശേരി വീമാനമിറങ്ങിയത് മുതല്‍ക്കു തുടങ്ങിയ കിത്താബു പ്രണയമാണ് ( അദ്ദേഹം വന്നാലുടനെ ഒരു ഉസ്കൂള്‍ സന്ദര്‍ശനമുണ്ട്!). മണിയടിച്ചതിനു പിന്നാലെ ടീച്ചര്‍ മെല്ലെ പുറത്തേക്ക് നടന്നു. എല്ലാവരും പുതിയതായി വന്ന കൊച്ചിനെ വളഞ്ഞു . ബഹളത്തിനിടക്ക് അവളെന്നെ നോക്കിയൊന്നു ചിരിക്കാന്‍ സമയം കണ്ടെത്തി . ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല (അല്ലെങ്കിലും , പശുവിനെ ദേശീയ മൃഗമാക്കുന്നത് വരെ ഒരു സന്ധിക്കും ഞാനില്ല മോളെ... !).അങ്ങനെ, എന്തോ അവളെ അന്നുതന്നെ എന്റെ ആജന്മ ശത്രുവായി ഞാന്‍ പ്രഖ്യാപിക്കുകയുണ്ടായി .
പക്ഷെ ആ ശത്രുതക്ക് അത്ര ആയുസ്സുണ്ടായിരുന്നില്ല..നല്ല പഠിപ്പും വിവരോം ,കാണാനും കൊള്ളാം,പാട്വേം ചെയ്യും . പോരേ..ക്ലാസിലെ മുറിവാലന്മാരെല്ലാം അവളുടെ പിന്നാലെ , ചെയ്യുന്നതും കാണിക്കുന്നതുമെല്ലാം അവള്‍ക്കു വേണ്ടി . അവള്‍ വരുന്നതിനു മുമ്പ് വരെ ഞാനും ദാസനും കൂടി അവതരിപ്പിക്കുന്ന മിമിക്സ് പരേഡ് ആയിരുന്നു ക്ലാസിലെ ഹൈലൈറ്റ് . അവളെത്തിയതില്‍ പിന്നെ ദാസനും എനിക്കും പുല്ലുവില. എല്ലാവര്ക്കും അവളുടെ പാട്ടുമതി. എന്തിനു പറയുന്നു എന്റെ സ്വന്തം ദാസന്‍ എന്നും കുറെ നന്ത്യാര്‍വട്ട പൂ പോതിഞ്ഞോണ്ട് വരാന്‍ തുടങ്ങി ,അവള്‍ക്ക് കൊടുക്കാന്‍ (ഒന്നും കൊടുക്കില്ല ,ഹത് വേറെ കാര്യം !).
സങ്കതി ഇങ്ങനെ ഗംഭീരമായി മുന്നേറികൊണ്ടിരിക്കുമ്പോഴാണ് ഞാനും ശത്രുത അവസാന്പ്പിക്കാന്‍ തീരുമാനിക്കുന്നത് . എന്തായിരുന്നു കാരണമെന്നോ കാരണം വല്ലതും ഉണ്ടായിരുന്നോ എന്നോ ഓര്‍മയില്ല ,അല്ലെങ്കില്‍ തന്നെ പിടുങ്ങാച്ചി പയ്യെന്നെന്ത് 'ആജന്മ ശത്രുത ഹേ..'. ശത്രുത അവസാനിപ്പിച്ചത്തിന്റെ അടുത്ത സ്റെപ് അവളുമായി കൂട്ട് കൂടുക എന്നതായിരുന്നു. തല കുത്തി നിന്നാലോചിച്ചിട്ടും ഒരൈഡിയയും കിട്ടീല . ആരോടെങ്കിലും സഹായം ചോദിക്കാനൊക്കുമോ,നന്നായിട്ട്ണ്ട് !!.
അങ്ങനെ അവസാനം അവള്‍ക്കെന്തെങ്കിലും സമ്മാനം കൊടുത്താലോ എന്ന ചിന്തയായി . എന്ത് കൊടുക്കും ,. എന്തെങ്കിലും മേടിക്കാനുള്ള പൈസ കുളങ്കര പൂരത്തിന് ധനാകര്ഷണ യന്ത്രമായി നിന്ന് മേടിച്ചു അച്ഛന് സംഭാവന ചെയ്യുന്നതില്‍ നിന്ന് മിച്ചം പിടിക്കണം ,മേടിച്ചാല്‍ തന്നെ എങ്ങനെ കൊടുക്കും ?,മിക്കവാറും ദാസന്റെ ബാഗിലിരുന്ന ചീയുന്ന നന്ത്യാര്‍വട്ട പൂവിന്റെ അവസ്ഥയാകും അതിനും . അപ്പോഴാണ് പിടുങ്ങാച്ചിബുദ്ധി ഒരു മാര്‍ഗം കണ്ടു പിടിക്കുന്നത് . അവള്‍ക്ക് ആവശ്യത്തിനും അതില്‍ കൂടുതലുമുള്ള വിവരത്തെ ചൂഷണം ചെയ്യുക . ഒരു ക്വിസ് നടത്തുക ,
ഒന്നാം സ്ഥാനത്തെത്തുന്ന ആള്‍ക്കൊരു സമ്മാനം . എനിക്ക് വിവരമില്ലെന്ന പൊതുജന ധാരണയ്ക്ക് മേല്‍ ഒരു മുട്ടന്‍
ഇരുമ്പാണി . (ആഹഹഹ ! ഗൊള്ളാം!!) .
അങ്ങനെ പ്ലാന്‍ തയ്യാറായി . പൂരത്തിന്റെ കാശ് അതി വിദഗ്ദമായി വെട്ടിച്ചു. ശാരദ ടീച്ചറെ കൊണ്ടും ബാലഭൂമിയില്‍ നിന്നും ചോദ്യാവലി നിര്‍മാണം പൂര്‍ത്തിയാക്കി. ഒരു ഹീറോ പേനയും മഷികുപ്പിയും സമ്മാനമായി തീരുമാനിച്ച് മേടിച്ചു . ഒരു വെള്ളിയാഴ്ച ഉച്ചക്ക് അതി ഗംഭീരമായ് തന്നെ ക്വിസ് പരിപാടി നടത്താന്‍ തീരുമാനവുമായി. അങ്ങനെ അധികം പുറത്തറിയാതെ ക്ലാസില്‍ മാത്രമായി ശാരദ ടീച്ചറുടെ തന്നെ ആഭിമുഖ്യത്തില്‍ പരിപാടി നടത്തപെട്ടു.ഞാന്‍ പൈസ ഇറക്കി ഒരു പരിപാടി ,അതും ക്വിസ്, ഞാന്‍ തന്നെ ക്വിസ് മാസ്റര്‍ !. നന്നായിരിക്കുന്നു! , ദാസനായിരുന്നു ഏറ്റവും അധികം അന്തം വിട്ടിരുന്നത് .
പരിപാടി തുടങ്ങി . ആദ്യത്തെ ചോദ്യം ഞാന്‍ അവളെ ഇടം കണ്ണിട്ടു നോക്കികൊണ്ട് ചോദിച്ചു 'ഇന്ത്യയുടെ... ദേശീയ.. മൃഗം?'. എല്ലാവരും പേപ്പറില്‍ കുനുകുനാ ന്ന് എഴുതി തുടങ്ങി
'ക്യാമറ ... കണ്ടു പിടിച്ചതാര് ?'... അങ്ങെനെ തുടങ്ങി പത്തോ ഇരുപതോ ചോദ്യങ്ങള്‍ . അര മണിക്കൂറിനുള്ളില്‍ പരിപാടി ഖഥം! .എല്ലാരേയും അവിടെ തന്നെയിരുത്തി ശാരദ ടീച്ചര്‍ തന്നെ ഉത്തരങ്ങള്‍ എഴുതിയ പേപ്പര്‍ കറക്റ്റ് ചെയ്തു തുടങ്ങി. ഞാന്‍ മെല്ലെ തലയിട്ടു ഒളിഞ്ഞു നോക്കി ,ദാസന്‍ അപ്പളും ഇന്ത്യയുടെ ദേശീയ മൃഗം പശുവാനെന്നാണ് എഴുതിയിരിക്കുന്നത്.നോക്കണേ !!
അവസാനം എല്ലാം കഴിഞ്ഞു. ഇനി എന്റെ സ്നേഹോപഹാരം അവളുടെ കൈയ്യിലെത്താന്‍ രണ്ടു പടി മാത്രം . റിസള്‍ട്ട് പബ്ലിഷ് ചെയ്യുക ,സമ്മാനം അവളെ ഏല്‍പ്പിക്കുക !,
അങ്ങനെ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. ഞാന്‍ ദാസനെ നോക്കി ഒന്ന് കണ്ണിറുക്കി . ശാരദ ടീച്ചര്‍ എഴുന്നേറ്റു നിന്ന് ഉറക്കെ പ്രഖ്യാപിച്ചു ...'ഒന്നാം സമ്മാനം .....
ദാസന്‍ തുടര്‍ന്നു...
'ഡാ മനുനെ ഓര്മാല്ല്യാ ന്നാ..?..അന്ന് നീ ഓള്‍ക്ക് സമ്മാനം ഒണ്ടാക്കി കൊട്ക്കാന്‍ ഒരു ക്വിസ് നടത്തീത് ഓര്മണ്ടാ..ഏറ്റൂം ബാക്കിലിരുന്ന ഒരു തെണ്ടി ഒന്നാം സമ്മാനോം മേടിച് എല്ലാം അടിച്ചോണ്ട് പോയത് ഓര്‍ക്ക്ണ്ടാ?... '
ഞാന്‍ കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ഒന്ന് ദീര്‍ഘമായി നിശ്വസിച്ചുകൊണ്ടു പറഞ്ഞു
'എന്തോ....ഓ..ര്‍മയില്ല!!'