തമ്പുരാനെ ,ഇതും ഒരു നിലക്ക് പോകുന്ന ലക്ഷണമില്ല . എന്നും എഴുതണം എന്ന ഭീഷ്മ പ്രതിജ്ഞ്യുമെടുത്ത് പണി തുടങ്ങിയതാണ് . എവടെ ??. എന്താ ചെയ്യാ ,ഇവിടെ സാറുമ്മാര് ഒരുമാതിരി, മകന്‍ സ്ത്രീധനം മേടിക്കാതെ കെട്ടികൊണ്ട് വന്ന പുതുപെണ്ണിനോട് അമ്മായിയമ്മ എന്ന പോലെ (അതി ക്രൂരമായി) തീരുമ്പോ തീരുമ്പോ പണി തന്നോന്ടെയിരിക്കുന്നു. ആ പരിപാടികളെല്ലാം ഒരുമാതിരി അവസാനിപ്പിച്ച് ഞാന്‍ മിനിഞ്ഞാന്ന് വൈകുന്നേരം വീട്ടിലെത്തി സുന്ദരമായി കിടന്നുറങ്ങി. ഇന്നലെ നേരത്തെ പത്തുമണിക്ക് എഴുന്നേറ്റ് പത്രം പരത്തി വായിക്കുന്നതിനിടയിലാണ് അപ്പുറത്തെ വീട്ടിലെ രണ്ടാം ക്ലാസുകാരന്‍ കുട്ടികുട്രൂസ് അവനെക്കാള്‍ നീളമുള്ള ഒരു ഓലമടല്‍ കഷണവും കൈയ്യിലേന്തി പടികടന്നു വരുന്നത്. വന്നു ,മുറ്റത്തെ പതിമുഖത്തിന്റെ തൈ ഒന്ന് കുലുക്കി, മടല് ബാറ്റ് ശരീരത്തിനു താങ്ങാക്കി നിര്‍ത്തികൊണ്ട്ചോദിച്ചു 'അപ്പൂസേട്ടന്‍ ,കളിയ്ക്കാന്‍ ബര്ണോ ?'(ങ്ഹാ..അത് പറഞ്ഞില്ലല്ലോ ...എനിക്കീ നാട്ടില്‍ കുറച്ചധികം വിളിപ്പേരുണ്ട് ...അത് പിന്നെയൊരിക്കല്‍ പറയാം!)
'നിന്റെ ചേട്ടനെവിടെ പോയി ?' ഞാന്‍ ചോദിച്ചു
'അമ്മെടൊപ്പം മുത്തശീടെ അട്ത്ക്ക് ' അവന്‍ ബാറ്റെടുത്ത് ചുഴറ്റികൊണ്ട് പറഞ്ഞു . ബാറ്റിനോടൊപ്പം അവനും ഒന്ന് ചുറ്റിതിരിഞ്ഞു .
ഞാനൊന്നു ഇരുത്തി ചിന്തിച്ചു.കളി,അത് വേണോ ?, തവിട് കൊടുത്തു വാങ്ങിയതോ ജനിച്ചു വീണതോ എങ്ങനെയായാലും കഴിഞ്ഞ ചിങ്ങത്തില്‍ ഇരുപത്തി രണ്ടു കൊല്ലം തികഞ്ഞു. ഈ പിടുങ്ങാച്ചി പിള്ളേര്‍ടെ കൂടെ കളിക്കാന്‍ മടിയുണ്ടായിട്ടല്ല ,പക്ഷെ ..ഞാന്‍ അവന്റെ മുഖത്തേക്കൊന്നു നോക്കി. അവന്‍ ആവുന്നത്ര നിസ്സഹായത മുഖത്ത് നിറച്ച് തിരിച്ചും ഒന്ന് നോക്കി . മെല്ലെ പത്രം മടക്കി വച്ച് ഞാന്‍ മുറ്റത്തേക്കിറങ്ങി .
എന്റെയും കുട്ട്രൂസിന്റെയും വീടിനിടയിലുള്ള വഴിയില്‍ ഒരു കാര്‍ഡ് ബോര്‍ഡ് കഷണത്തെ സ്റ്റംബാക്കി ഞങ്ങള്‍ തകൃതിയായി കളി തുടങ്ങി . സത്യം പറയട്ടെ ,ചെക്കന്‍ ഇത്ര ഭീകരനാണെന്നു അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ചുമ്മാ അവിടെ പത്രം വായിച്ചിരിക്കുമായിരുന്നു. കാര്യം എന്താണെന്നല്ലേ ?,ഞാന്‍ എറിഞ്ഞു കൊടുത്ത ആദ്യത്തെ ബോള്‍ അവന്‍ കാട്ടില്‍ കളഞ്ഞു . രണ്ടാമത്തെ ബോള്‍ ടെറസ്സിലെത്തി,എന്തിനധികം പറയുന്നു ഓരോ ബോളും ഒരു ദയയും ദാക്ഷിണ്യവും ഇല്ലാതെ അവന്‍ അടിച്ചു പരത്തി കൊണ്ടിരുന്നു. നോക്കണേ ,ഈ കാലത്തൊരു സഹായം ചെയ്‌താല്‍ ഇങ്ങനെയിരിക്കും!.
അവസാനം ഞാന്‍ സഹികെട്ട് പന്ത് എന്നെകൊണ്ടാവും വിധം വലിച്ചൊരു ഏറു കൊടുത്തു . അതും ആ ദുഷ്ട ബുദ്ധി ഒറ്റയടി . സ്റ്റംബും കൊണ്ടിങ്ങു പോരുമെന്നു വിചാരിച്ച ബോളങ്ങനെ മാനത്തൂടെ പോകുന്നത് കണ്ടപ്പോള്‍ എനിക്ക് സങ്കടമായി. 'പോയി പണി നോക്കടാ ചെക്കാ ,അവന്റെയൊരു കളി ,മാങ്ങാത്തൊലി' എന്നും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. കുട്രൂസ് ഓടി അടുത്ത് വന്നു . 'അപ്പൂസേട്ടാ പോവല്ലേ ,കളിക്കാം ...' അവന്‍ വീണ്ടും മുഖത്ത് നിസ്സഹായത നിറച്ചു (അവനെക്കാള്‍ ഏറെ നിസ്സഹായതയ്ക്കുള്ള അവകാശം എനിക്കായിട്ടു കൂടെ).
'പോയി നിന്റെ അച്ഛനോട് പറ ,കളിക്കാന്‍ വരാന്‍ ' ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു .
'അച്ഛനോട് കളിക്കാന്‍ പറഞ്ഞാ, വഴീ കുഴിക്കണ കുഴി പറമ്പില്‍ കുഴിച് രണ്ടു ചെടി വെക്കാന്‍ പറയും :'(..അപ്പൂസേട്ടന്‍ വേണേല്‍ ബാറ്റുചെയ്തോ .. '
ഞാന്‍ ഒന്ന് പുഞ്ചിരിച്ചു . ഹത് കൊള്ളാം,ബാറ്റ് ചെയ്യുകയാണേല്‍ ഇമ്മാതിരി ഓട്ടവും പാച്ചിലുമൊന്നുമ് വേണ്ട ,മാത്രമല്ല അടിച്ചൊതുക്കുക എനിക്ക് പണ്ടേ താല്പര്യമുള്ള വിഷയവുമാണ് .
ഞാന്‍ മെല്ലെ സ്റ്റംബിന്റെ അടുത്തേക്ക് നീങ്ങി . ബാറ്റും പിടിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു ,കാര്യം സത്യമാണ് ,കുട്രൂസിന്റെ അച്ഛന്‍ നല്ല ഒന്നാന്തരം ഒരു കഠിനാധ്വാനിയാണ്. ആയതുകൊണ്ട് തന്നെ അദ്ദേഹം അങ്ങനെ പറയാനേ തരമുള്ളൂ. എന്റെ അച്ഛനും സാമാന്യം ഭേദപ്പെട്ട ഒരധ്വാനിയാണ് . പക്ഷെ ഞാന്‍ കുട്രൂസിന്റെ അത്രയായിരിക്കുമ്പോ അച്ഛന്റെ അധ്വാനത്തില്‍ മുക്കാലും എന്നെയങ്ങനെ പറമ്പിലിട്ടോടിക്കുക എന്ന സാഹസത്തിനായി ചിലവാക്കികൊണ്ടിരുന്നു . .
ഞാന്‍ ജനിച്ച കഥ പറഞ്ഞല്ലോ , കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക്, വൈറസിനെ പൈസ കൊടുത്ത് ഡൌണ്‍ലോഡ് ചെയ്തല്ലോ തമ്പുരാനേ എന്ന് തോന്നിയിരിക്കണം. അമ്മാതിരിയായിരുന്നു ഞാനൊപ്പിച്ച കുരുത്തകേടുകള്‍.
ഒരിക്കല്‍ ഞാന്‍ മുത്തശിയുടെ മുറിയില്‍ സുഗന്ധം നിറയ്ക്കാനായി കിടക്കയില്‍ ചന്ദനത്തിരി കത്തിച്ചു വച്ചു (ഭാഗ്യത്തിന് മുത്തശി കിടക്കയില്‍ ഉണ്ടായിരുന്നില്ല ) . അന്ന് കിടക്ക ആകെ പുകഞ്ഞു കത്തി നാശമായിപ്പോയി.കട്ടിലും സാമാന്യം മനോഹരമായി തന്നെ കത്തി . അന്ന് ഞാന്‍ പറമ്പിലൂടെ വലിച്ചോടിയ ഒരു ഓട്ടമുണ്ട്.അതൊരു ഗോമ്പറ്റീഷനല്ലാതോണ്ട് ഗപ്പൊന്നും കിട്ടീല്ലാന്നു മാത്രം .
പിന്നെയൊരിക്കല്‍ ഞാനും ഓപ്പുവും കൂടെ പാടത്ത് മണ്ണടിക്കാന്‍ വരുന്ന ലോറിക്ക് പിറകിലൂടെ സൈക്കിള്‍ ഓടിച്ചു കളിക്കുകയായിരുന്നു (നോക്കണേ ഒരു കളി , ആ പൊടിയും മണ്ണും എല്ലാം വലിച്ചു കേറ്റി സൈകിള്‍ റേസ് ,എന്റെ ഓപ്പുവും ചില്ലറക്കാരിയല്ലെന്നു മനസിലായില്ലേ? ) ഇതെല്ലം കണ്ട് എന്റെ പ്രാണ പ്രിയ പിതാവ് വടിയും പിടിച്ചൊരു വരവ് വന്നു. ഞാന്‍ ഓടാന്‍ മിടുക്കനായതിനാലും ഓപ്പുവാണ് സൈക്കിള്‍ ഓടിച്ചിരുന്നത് എന്നതിനാലും അച്ഛന്റെ കൈയില്‍ പെട്ടത് ഓപ്പുവാണ് .കുറ്റം പറയരുതല്ലോ ,അടിച്ചു തോല് പൊളിച്ചു കളഞ്ഞു .
ഈ കലാമേളകളെല്ലാം അവസാനിച്ചു കഴിഞ്ഞാണ് ഞാന്‍ പിന്നെ പ്രത്യക്ഷപ്പെടുന്നത് . ഓപ്പു അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു . അടികിട്ടിയതിലേറെ സങ്കടപെട്ടത് ഞാന്‍ അടികിട്ടാതെ രക്ഷപെട്ടതിനായിരുന്നു . ഞാന്‍ പോയി മനോഹരമായ ഒരു ഉമ്മ കൊടുത്തു . ഓപ്പു മനോഹരമായൊരു ചവിട്ടും തന്നു .
അച്ഛന്‍ വീട്ടില്‍ കൊണ്ട് വരുന്ന ഒരു മാതിരി പെട്ട എല്ലാം ഞാന്‍ കേടുവരുത്തിയിരുന്നു. അതുകൊണ്ട് തന്നെ എന്ത് സാധനം കേടു വന്നാലും എനിക്ക് കിട്ടേണ്ട അടി മുടങ്ങാതെ കിട്ടികൊണ്ടിരുന്നു. . അടി കിട്ടുമ്പോഴൊക്കെ ഞാന്‍ 'സത്യായിട്ടും നിയ്ക്കറിഞ്ഞൂടെയ്' എന്ന് വലിയ വായില്‍ കാറികൊണ്ടിരുന്നു ,സത്യം പറയട്ടെ, അതില്‍ പലതും സത്യായിട്ടും ഞാന്‍ നശിപ്പിച്ചതായിരുന്നില്ല . പക്ഷെ പറഞ്ഞിട്ട് കാര്യമുണ്ടോ.. ഹാര് കേക്കാന്‍ ?.
ചൂടാക്കാന്‍ നിവര്‍ത്തി വച്ച ഇസ്തിരിപെട്ടി കമഴ്ത്തി വക്കുക,വൈക്കോല്‍ കൂനയില്‍ കൊത്തിപിടിച്ചു കയറി താഴത്ത് ചാടുക ,തുടങ്ങിയ അലങ്കോല പണികള്‍ കൂടി ആയപ്പോള്‍ ആയപ്പോള്‍ കിട്ടുന്ന തല്ലിന് കണകില്ലെന്നു വന്നു.
തമ്പുരാനേ അങ്ങനെ എന്തെല്ലാം... ഇതെല്ലാം ആലോചിച്ചു നില്‍ക്കുമ്പോള്‍ കുട്രൂസ് ആദ്യത്തെ ബോള്‍ വലിച്ചെറിഞ്ഞു. ഞാന്‍ അത്യുത്സാഹത്തോടെ ആഞ്ഞടിച്ചു. കിഴക്കോട്ട് പോണ്ട (പോകുമെന്ന് കരുതിയ )ബോള്‍ പടിഞ്ഞാട്ടു പോയി ജനല്‍ ചില്ലിനെ അമര്‍ത്തിയൊന്ന് ഉമ്മവച്ചു .. അത് ഒറ്റയടിക്ക് പതിനായിരം കഷണമായി താഴത്തെത്തി .
ഞാന്‍ ബാറ്റും വലിച്ചെറിഞ്ഞു ഓടി ഉമ്മറത്തെത്തി , നിലത്തു വീണു കിടന്ന പത്രമെടുത്ത് നിവര്‍ത്തി വായന തുടങ്ങി. അകത്തു നിന്നും അമ്മ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു .'എന്താടാ കുട്ടാ ശബ്ദം കേട്ടത്?'
'അതാ കുട്രൂസാ അമ്മെ . ചില്ല് പൊട്ടീന്നു തോന്നുണു, ഈ കുരുത്തം കെട്ട പിള്ളേരെ കൊണ്ട് തോറ്റല്ലോ തമ്പുരാനേ..' ഞാന്‍ നിഷ്കളങ്കതയോടെ വിളിച്ചു പറഞ്ഞു.
പാവം കുട്രൂസ് ഒന്നും മനസ്സിലാകാതെ അന്തം വിട്ട് എന്നെയും നോക്കികൊണ്ട് നിന്നു!.