ഡയറി എഴുതണമെന്നു കുറെ കാലം മുമ്പ് വിചാരിച്ചു തുടങ്ങിയതാണ്. എന്റെ പ്രാണപ്രിയപിതാവിന്റെ കൈയ്യിലാണെങ്കില്‍ കൊല്ലം തുടങ്ങുന്ന കാലത്തിങ്കല്‍ ആവശ്യത്തിലധികം ഡയറികള്‍ കുമിഞ്ഞു കൂടുന്ന ഒരു സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. എല്ലാവര്‍ഷവും അതില്‍ നിന്ന് മനോഹരമായ ഒന്നെടുത്ത് ആദ്യത്തെ പേജില്‍ വടിവൊത്ത കൈയക്ഷരത്തില്‍ (അത് മിക്കവാറും ഓപ്പൂനെ കൊണ്ടെഴുതിക്കുകയാണ് പതിവ് , എന്റെ എഴുത്ത് കണ്ടാല്‍ ചന്തയില്‍ ഉണക്കമത്തി വില്‍ക്കാന്‍ വച്ചിരിക്കുന്നതാണ് ഓര്മവരികയെന്നാണ് പൊതുജനാഭിപ്രായം ...ഫ്തൂ.) പേരും നാളും കുറിപ്പിച്ച് ഞാന്‍ ഡയറി എഴുതി തുടങ്ങും. സത്യം പറയണമല്ലോ (അങ്ങനെയൊരു ശീലമുണ്ടായിട്ടല്ല,ഇടക്കൊക്കെ ഞാന്‍ അതും പറയാറുണ്ട്) മിക്കവാറും അതിനു രണ്ടാം പക്കം ഞാന്‍ അപ്പരിപാടി സുന്ദരമായി ഉപേക്ഷിക്കുകയാണ് പതിവ് . അങ്ങനെ കഴിഞ്ഞ കുംഭമാസം വരെയുള്ള കണക്കനുസരിച്ച് ഈയുള്ളവന്റെ കൈയ്യില്‍ രണ്ടു പേജുമാത്രമെഴുതിയ അഞ്ചാറ് അതിസുന്ദരമായ ഡയറികള്‍ കുമിഞ്ഞുകൂടപെട്ടിരിക്കുന്നു. ഈ വര്ഷം മുതല്‍ ഞാന്‍ സ്ഥിരമായി ഡയറി എഴുതുമെന്നെടുത്ത പ്രതിജ്ഞയും ഒന്നാന്തരമൊരു തുലാവര്‍ഷത്തില്‍ ഒലിച്ചുപോയ സ്ഥിതിക്ക് ഞാനൊരു ബൂലോക ഡയറി യെ കുറിച്ച് ചിന്തിക്കുകയുണ്ടാവുകയുണ്ടായി(!). എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബ്ലോഗുകള്‍ ഡയറി പോലെത്തനെ സുരക്ഷിതമാണ്. ഞാനല്ലാതെ വേറൊരു കുഞ്ഞും ഇതൊന്നും വായിക്കാനും പോകുന്നില്ല . ഡയറി എന്ന രീതിയില്‍ ഇതിനെ പറയുന്നത് ശരിയായിരിക്കുമോ? (ആര്‍ക്കറിയാം തമ്പുരാനെ..) ,എന്നെ സംബന്ധിച്ചിടത്തോളം എന്റെ ലൊടുക്കൂസ് ജീവിതം ഒന്നോര്ത്തെടുത്ത് സമൃദ്ധമായി പൊട്ടിച്ചിരിക്കാന്‍ വേണ്ടി മാത്രം , എനിക്ക് പറ്റുന്ന,പറ്റിയ മണ്ടത്തരങ്ങളുടെ ഒരു ഏകദേശ കണക്ക് സൂക്ഷിക്കാന്‍ വേണ്ടി മാത്രം... ഞാനെന്റെ ബൂലോക ഡയറി തുറക്കാന്‍ പോവുകയാണ്...തദവസരത്തില്‍ ഇവിടെ എനിക്ക് ചുറ്റുമിരുന്നു ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തു രസിക്കുന്ന NIT യിലെ മഹിളാമണികള്‍ക്കും പുറത്ത് ഓരിയിട്ടുകൊണ്ടിരിക്കുന്ന നറുനരിനായ്ക്കള്‍ക്കും സര്‍വ്വോപരി നന്മ നിറഞ്ഞ മാളോകര്‍ക്കും എന്റെ ഒരായിരം നന്ദി ..ശാന്തസുന്ദര ലോകമേ സില്സില !