ഇതെങ്ങനെയാണ് എഴുതി തുടങ്ങേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ തമ്പുരാനെ ... ജനിച്ചതിനെ പറ്റി എഴുതി തുടങ്ങുകയാണല്ലോ അതിന്റെ ഒരു രീതി ..പച്ചേങ്കില് കൊറേ കാലം വരെ ഞാന്‍ ജനിച്ചതാണെന്ന് വിശ്വസിക്കാനുള്ള ഒരു തെളിവും എന്റെ അച്ഛനമ്മമാര്‍ തരികയുണ്ടായില്ല്യ ...ഇന്ഹെരെന്റായി കിട്ടിയ കുരുത്തകേടിനു ഞാന്‍ എങ്ങനെ ഭൂമിയിലെത്തി എന്നാ തത്വചിന്താപരമായ ചോദ്യത്തിനു എന്റെ മാന്യ മാതാപിതാക്കള്‍, എന്നെ തവിടുകൊടുത്ത് വാങ്ങിച്ചതാണെന്ന് പറഞ്ഞു കളഞ്ഞു ...നോക്കണേ എന്റെ ഓപ്പൂ തറവാട്ടില്‍ മനോഹരമായി ജനിച്ചിരിക്കുന്നു. ഞാന്‍ തവിട് കൊടുത്തു വാങ്ങപെട്ടിരിക്കുന്നു.(തവിടിന് പകരം മിനിമം ഒരു കിലോ അരിയെങ്കിലും കൊടുക്കാമായിരുന്നു ,എവടെ! ) ആ കാരണം കൊണ്ടുതന്നെ ഓപ്പു ഒന്നാന്തരമായി തന്നെ അഹങ്കരിച്ചു. അച്ഛനെന്ത് കൊണ്ടുവന്നാലും മുക്കാലും ഓപ്പു കൈക്കലാകുന്നു ,ചോദിച്ചാല്‍ ഞാന്‍ തവിട് കൊടുത്തു വാങ്ങപെട്ടവനാണ് ,ഹതൊക്കെ മതി എന്ന് ..നോക്കണേ, എന്ന്!!..ഞാനും ഈ തവിട് കഥ ഏറെകുറെ വിശ്വസിച്ചു കഴിഞ്ഞിരുന്നു. കാരണമുണ്ട് . ഓപ്പോളുടെ ജാതകം, ഭാവി നല്ല വൃത്തിയായി എഴുതിയത്, അലമാരിയിലങ്ങനെ ഇരിക്കുന്നു, എന്റേത് എഴുതിചിട്ടില്ലെന്നു മാത്രമല്ല ജനന തീയതി ഏതോ ചിങ്ങമാസത്തിലെ ചിത്തിരയാണെന്നല്ലാതെ സമയമോ കാലമോ ഒന്നും അറിയാത്ത അവസ്ഥ . പിറന്നാള്‍ ആഘോഷിക്കുന്ന ദിവസം എന്നെ വാങ്ങിയ ദിവസമാണെന്ന് ന്റെ ഓപ്പു. മാത്രമല്ലഎന്റെ കുട്ടികാലത്തെ ഒരൊറ്റ ഫോട്ടോ പോലും വീടിലില്ല. ചുമരിന്റെ നാലുപാടും ഓപ്പു ചാഞ്ഞും ചരിഞ്ഞും മറിഞ്ഞും ഇരിക്കുന്ന പടങ്ങള്‍ :'(. അങ്ങനെ ഞാന്‍ ജനിച്ചിട്ടില്ലെന്ന് ഏറെ കുറെ തീര്‍ച്ചയാക്കി കുറെകാലമങ്ങനെ കഴിച്ചു കൂട്ടി.
പിന്നെ എപ്പഴോ അമ്മേനെ കെട്ടിപിടിച്ചു കിടക്കുമ്പോ ഞാന്‍ കരഞ്ഞു കൊണ്ടു ചോദിച്ചു 'ന്നെ ശരിക്കും തവിട് കൊടുത്തു വാങ്ങിച്ചതാ ?'. അമ്മ മെല്ലെ എന്റെ തമുടിയില്‍ വിരലോടിച്ച് ,നെറ്റിയില്‍ അമര്ത്തി ചുംബിച്ചു . ഞാന്‍ അമ്മേടെ വയറ്റിലായിരിക്കുന്ന സമയത്ത് ഓപ്പു 'നിക്കൊരു ചെക്കനെ മതി ' എന്നും പറഞ്ഞു നിലവിളിച്ചതും 'ചെക്കന്‍ വന്നാ ഞാന്‍ ഇവടേം അമ്മ അവടേം ചെക്കനെ നടുക്കും കിടത്താം' എന്ന് പറഞ്ഞതും ഞാന്‍ ജനിച്ച അന്ന് അമ്മമ്മ സന്തോഷം കൊണ്ട് (?) കരഞ്ഞതുമൊക്കെ പറഞ്ഞു തന്നു. ക്യാമറ കൊണ്ടാരെങ്കിലും ആ വഴി പോയാല്‍ മതി ,ഞാന്‍ അലറി വിളിക്കുമായിരുന്നു, അതുകൊണ്ടാണ് ഫോട്ടോ ഒന്നും എടുക്കാതിരുന്നതെന്ന്. നോക്കണേ,എന്ന്! .
കുറച്ചാഴ്ച്ചകള്‍ക്ക് ശേഷം എന്റെ അതി സുന്ദരമായ ജാതകം എഴുതപെട്ടു, 'ഗജരാജയോഗമാണ് ,മിനിമം ഒരു പത്താനയെങ്കിലും ചെക്കന്‍ വാങ്ങുമെന്നാണ്' കണിയാന്‍ജി പറഞ്ഞത് . അങ്ങനെ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം ഞാന്‍ ജനിക്കപെട്ടു!.
ഇതൊക്കെ എത്ര കാലം മുമ്പത്തെ കഥയാണ് തമ്പുരാനേ ,ഓര്‍ത്തെടുക്കുമ്പോള്‍ വല്ലാത്തൊരു സുഖം..കഴിഞ്ഞ കുറച്ചാഴ്ച്ചകള്‍ക്ക് മുമ്പ് ,ഞാനും ഓപ്പുവും അച്ഛനും അമ്മയും കൂടി ഒന്നിച്ചിരുന്ന് എന്റെ പിറന്നാള്‍ സദ്യ കഴിക്കുന്ന നേരത്തിങ്കല്‍ ഞാന്‍ ന്റെ പ്രാണപ്രിയ പിതാവിനോട് പറഞ്ഞു ,'എന്തൊക്കെയായാലും എന്നെ തവിട് കൊടുത്തു മേടിച്ചതാണെന്ന് കള്ളം പറഞ്ഞത് മോശായി പോയി ', അച്ഛന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു ,' കള്ളമോ ?, അന്ന് ഒന്നൂടെ ആലോചിച്ചിരുന്നെങ്കില്‍ കുറച്ചു തവിട് ലാഭിക്കാമായിരുന്നു ! '