തുടരുന്നു...
ഞാനും ദാസനും തമ്മില്‍
ഇങ്ങനെയൊരു ആത്മബന്ധം
ഉണ്ടാകാന്‍ കാരണമെന്താണെന്ന് ഞാന്‍ പലകുറി കുത്തിയിരുന്നു ചിന്തിച്ചിട്ടുണ്ട് .
ഒരിക്കല്‍ ദാസന്റെ വീട്ടിലിരുന്നു പ്രഭാത ഭക്ഷണം വിഴുങ്ങുന്നതിനിടയില്‍ ഞാന്‍ അവര്‍കളോട്
അത് ചോദിക്കുകയുമുണ്ടായി. ദാസന്‍ രണ്ടടി മാറിയിരുന്ന് 'അമ്മേ...ദിവന് രണ്ടു പഴം
നുറുക്കൂടെ കൊട്ക്ക് ട്ടാ ' എന്നും
പറഞ്ഞു ചര്‍ച്ച അവസാനിപ്പിച്ചു കളഞ്ഞു. അങ്ങനെയിരിക്കെയാണ് രണ്ടാഴ്ച്ച മുമ്പ്
മാതൃഭുമിയില്‍ ഒരു ആര്‍ട്ടിക്കിള്‍ വരുന്നത് ,സംഭവം പണ്ട് കാലത്തെ ആളുകള്‍ തമ്മില്‍ നിലനിന്നിരുന്ന സ്നേഹബന്ധത്തെ
ഇത്ര മഹത്വവല്ക്കരിക്കേണ്ട കാര്യമൊന്നുമില്ല , ദാരിദ്ര്യം കൊണ്ടെല്ലാം പൊറുതി മുട്ടിയിരുന്ന തുല്യ ദുഖിതരായ ജനമനസ്സുകള്‍
തമ്മില്‍ സ്വമേധയാ ഒരു
ആതമബന്ധം ഉടലെടുക്കുക മാത്രമാണുന്ടായത് എന്നൊക്കെ സുന്ദരമായി സ്ഥാപിച്ചെടുക്കാനാണ് ലേഖകന്‍
ശ്രമിച്ചത് . വാട്ടെവര്‍ , ഒരുപാട് കാലം തുല്യ
ദുഖിതരായി ഒരുമിച്ചു കഴിഞ്ഞ
എനിക്കും ദാസനുമിടയില്‍ ഏതാണ്ട് ദിദെ സാധനമാണ് വര്‍ക്ക് ചെയ്തിട്ടുള്ളതെന്ന
മഹത്തായ കണ്ടുപിടുത്തം നടത്തി തത്സമയം ഞാന്‍ ദാസന്ജിയെ വിളിച്ചു .
'ദാസാ.. സങ്കതി പിടികിട്ടി..'
'ഉം.!..സമയെത്ര്യായി..'
'പന്ത്രണ്ടു മണി ..'
'രാത്രിയോ പകലോ ?'
'ഹ്ഹാ ..രാത്രിയുമല്ല പകലുമല്ല ...കൃത്യം പന്ത്രണ്ടു മണി! '
'ശുനകപുത്രാ..ശവമേ..പോയി കെടന്നുറങ്ങ് .. '
'അത് പിന്നെ ദാസാ..ഈ തുല്യ ദുഖിതരുടെ ആത്മബന്ധം?!...'
'വരിക്കച്ചക്ക !'
(ആഹ്ഹാ..നന്നായിരിക്കുന്നു.... വരാനിരിക്കുന്ന കാര്യപ്പെട്ടതും കഠിനവുമായ തെറിവിളികളുടെ ഒരു സൂചനാ പദമായി ദാസന്‍ ഉപയോഗിക്കുന്ന വാക്കാണ് ഇപ്പോള്‍ നമ്മള്‍ ശ്രവിച്ചത്...മാന്യ ജനങ്ങളെ ചെവി പൊത്തികൊള്‍ക..!)
ദാസന്റെ അസാമിപ്യം എന്നെ പെരുത്ത് വിഷമിപ്പിച്ച രണ്ടാമത്തെ സംഭവം നടക്കുന്നത് ഞാനും ദാസനും ഏഴാം തരം ഭംഗിയായി പാസായി എട്ടാം തരം പഠിക്കാനൊരു ഭാര്‍ഗവി നിലയം തപ്പിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു . ഞങ്ങള്‍ക്ക് പ്രധാനമായും നാല് ഓപ്ഷനുകളാണ് ഉണ്ടായിരുന്നത് . എടപ്പാളും കുമരനെല്ലൂരുമായി രണ്ടു ഗവ. ഹൈ സ്കൂളുകള്‍, വട്ടംകുളത്തും കുറ്റിപ്പുറത്തും ഓരോ ടെക്നിക്കല്‍ സ്കൂളുകള്‍ . ഇതില്‍ രണ്ടാമത് പറഞ്ഞ ടെക്നിക്കല്‍ സ്കൂളുകളില്‍ ചേരുകയെന്നത് പിള്ളേരുടെയും,പിള്ളേരെ അവിടെ എത്തിക്കുക എന്നത് വീട്ടിലെ മൂത്തതും നരച്ചതുമായ എല്ലാ ഉപ്പുമാങ്ങകളുടെയും ചിരകാല സ്വപ്നമായാണ് അറിയപെട്ടിരുന്നത് . അവിടെ പഠിച്ചാല്‍ 'നാസ'യിലെക്കും ഗവ. സ്കൂളിലാണെങ്കില്‍ 'ഗംഭീര നാശത്തിലെക്കും' നേരിട്ട് വിസ ലഭിക്കുമെന്ന ഒരു ധാരണയാണ് അവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചിന്തിപ്പിചിരുന്നത് . ഹതുകൊണ്ടു തന്നെ ഞങ്ങള്‍ക്കും ഈ ഒഴുക്കില്‍ പെടേണ്ടതായി വന്നു . കാര്യമായി ഒന്ന് ചോദിച്ചാലോ ,നല്ലരീതിയില്‍ കരഞ്ഞു കാണിച്ചാലോ കിട്ടുന്നതാണേല്‍ ഞങ്ങളും ധൈര്യമായി മുന്നിട്ടിറങ്ങുമായിരുന്നു . അവിടെയല്ലേ സിസ്റ്റം ഞങ്ങളെ നോക്കി പല്ലിളിച്ചത്. ഇവിടെ രണ്ടിടത്തും ചേരാന്‍ എന്ട്രന്‍സ് പരീക്ഷകള്‍ നിലവിലുണ്ട്. അതില്‍ അതിര്‍ത്തിവര കടക്കുന്ന കുറച്ചെണ്ണത്തിനു മാത്രമാണ് പ്രവേശനം ലഭിക്കുക . സാഹചര്യ സമ്മര്‍ദം കണക്കിലെടുത്ത് ഞാനും ദാസനും ഒരു അടിയന്തിരയോഗം വിളിച്ചു കൂട്ടി . ഞങ്ങളെകൊണ്ട് ഇതൊന്നും നടപ്പില്ലെന്നും ഇനിയെങ്ങാനും അഡ്മിഷന്‍ കിട്ടിയാല്‍ കോഴി കഞ്ചാവടിച്ച പോലെ ചുറ്റും നടക്കുന്നതിനെ കുറിച്ച് കാര്യമായ ധാരണയൊന്നുമില്ലാതെ ശിഷ്ട ജീവിതം കഴിച്ചു കൂട്ടേണ്ടി വരുമെന്നും യോഗം വിലയിരുത്തി . പക്ഷെ വേറെ വഴിയില്ലെന്നും എഴുതി നോക്കാമെന്നും തീരുമാനിച്ച് രണ്ടു മൈസൂര്‍ പഴവും വിഴുങ്ങി യോഗം പിരിച്ചു വിട്ടു.
അങ്ങനെ ആദ്യത്തെ എന്ട്രന്‍സ് പരീക്ഷയുടെ ദിവസം വന്നും . നേരത്തെ തന്നെ കുളിച്ചൊരുങ്ങി ഞങ്ങള്‍ വട്ടംകുളം ടെക്നിക്കല്‍ സ്കൂളിന്റെ മുന്നിലെത്തി കണ്ണും തള്ളി ഇരുന്നു. വാച്ച്മാന്‍ വന്നപ്പോള്‍ ഗേറ്റ് തുറക്കനോക്കെ സഹായിച്ചു കൊടുത്തു . അങ്ങേര്‍ ഞങ്ങളെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് നടന്നു പോയി .(ഇതുകൊണ്ടൊന്നും കാര്യമില്ല മോനെ ,പരൂക്ഷ പാസാവുക തന്നെ വേണം എന്നാവണം ആത്മഗതം,ഹെന്തു ചെയ്യാന്‍! ).അങ്ങനെ പരീക്ഷ ഹാള്ളില്‍ എത്തി,കുറച്ചു സമയത്തിനകം വെടിപൊട്ടി പരീക്ഷയും തുടങ്ങി . ക്വെസ്ടിന്‍ പേപ്പര്‍ കണ്ടന്നും ഞാന്‍ മനസ്സില്‍ ഒന്ന് ..ആഞ്ഞു ചിരിച്ചു(ദാസനും ചിരിച്ചു കാണണം!) . ജനറല്‍നോലെജും നല്ല പെടക്കണ ഇന്ഗ്ലീസും ,പോരെ പൂരം .ഏതാണ്ട് സുലൈമാന്‍ താമരശ്ശേരിച്ചുരമിറങ്ങിയ രീതിയില്‍ പരീക്ഷ എഴുതി തീര്‍ത്ത് ഞാന്‍ മെല്ലെ വീട്ടിലേക്ക് വച്ച് പിടിച്ചു ...
രണ്ടാമത്തെ എക്സാമിന് മുമ്പ് കുറച്ചു ദിവസത്തെ ഇടവേളയുണ്ടായിരുന്നു. അതിനിടക്ക് ഒന്നാമത്തെന്റെ റിസള്‍ട്ടും വന്നു. ഞാന്‍ വൈറ്റിംഗ് ലിസ്റിനെ ഒരു മൂലയില്‍ കയറി കിടപ്പുണ്ടായിരുന്നു . ദാസന്‍ പട്ടികക്ക് പുറത്താണ് .(രണ്ടും ഏതാണ്ട് ഒരേ അവസ്ഥയാണ് ,ബട്ട് ... ). തുടര്‍ന്ന്‍ ഞാന്‍ , 'ജീവിതം ഇങ്ങനെയൊക്കെയാണ് ദാസാ' എന്നെല്ലാം പറഞ്ഞ് ദിദൊക്കെ ചെര്‍ത് എന്ന ഭാവത്തില്‍ ഇരിപ്പുറപ്പിച്ചു .
രണ്ടാമത്തെ പരീക്ഷയുടെ ദിവസം വന്നെത്തി. കുറ്റിപ്പുറം കുറച്ചു ദൂരെയാണ് ,ഞാന്‍ രാവിലെ എണീറ്റ് ദാസനെ വിളിക്കാന്‍ അവന്റെ വീട്ടിലോട്ടോടി . അവിടെയല്ലേ പൂരം,അവന്‍ വരുന്നില്ല ന്ന്, ഒരു വിധത്തിലും അടുപ്പിക്കുന്നില്ല .നമക്ക് എടപ്പാളില്‍ , ഗവ. സ്കൂളില്‍ പോവാം ,ന്തിനാണീ പുകിലൊക്കെ എന്നൊക്കെയായിരുന്നു വാദഗതി . ഞാന്‍ വിടുമോ ?,പറഞ്ഞ് പറഞ്ഞ് രണ്ടു ചെവിയിലും ഓട്ടവീഴുമെന്നായപ്പോള്‍ പോരാമെന്നായി
കുറ്റിപ്പുറത്തേക്ക് വണ്ടികയറി,സ്കൂളിലെത്തി എക്സാം എഴുതി ,മനോഹരമായ കുറ്റിപ്പുറം പാലവും കണ്ട് അന്തം വിട്ട് ഞങ്ങള്‍ തിരിച്ചെത്തി ദൈനംദിന കുരുത്തകേടുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
അങ്ങെനെ സ്കൂളില്‍ ചേരേണ്ട സമയമെത്തി. അടുത്തുള്ളൊരു ടീച്ചറുടെ അഭിപ്രായം വിലക്കെടുത്ത് , കുമരനെല്ലൂരിനെ ഉപേക്ഷിച്ച് ഞാന്‍ എടപ്പാള്‍ ഗവ.സ്കൂളില്‍ അഡ്മിഷന്‍ എടുത്തു.
എന്റെ ഒന്നാം ക്ലാസ് പ്രവേശനത്തെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ള ഒരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍ . അതായത് ഒരു യക്ഷിപ്പടം കണ്ടുറങ്ങി നട്ടപ്പാതിരക്കു ഞെട്ടി എഴുന്നേറ്റ് പിന്നീട് ഉറക്കം വരാതെ വിറച്ചു കിടക്കുന്ന അവസ്ഥ . ചുറ്റും ആള്‍ക്കാരുന്ടെങ്കിലും എല്ലാവരും വേറെ ലോകത്ത് സുഖമായി ഇരിക്കുന്നു,ചിരിക്കുന്നു,ഉണര്‍ന്നിരുന്നുകൊണ്ടു തന്നെ കൂര്‍ക്കം വലിക്കുന്നു..ഞാനോ ?, സുന്ദരമായി കണ്ണും തള്ളിയിരിക്കുന്നു !.
(അപ്പോഴാണ് ദാസന് എന്ത് സംഭവിച്ചു എന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാവുക.. പറയാം ...അതിനായി ഒന്ന് ഫ്ലാഷ്ബാക്ക് അടിക്കേണ്ടിയിരിക്കുന്നു..എല്ലാവരും, ഭാവനക്കും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷേഡ് കൊടുക്കാന്‍ അപേക്ഷ ...
കുറ്റിപ്പുറത്തെ പരീക്ഷ എഴുതി കഴിഞ്ഞ് ഏകദേശം രണ്ടാഴ്ച പിന്നിട്ട ഒരു സുന്ദര സായാഹ്നത്തില്‍ ദാസന്‍ അവര്‍കള്‍ ഓടി കിതച്ച് എന്റെ വീട്ടിലെത്തി . ഞാന്‍ ഉമ്മറത്ത് കിടുക്കനൊരു മുറുക്കിന്റെ കഷണത്തെ ആക്രമിച്ചു കീഴ്പെടുത്തികൊണ്ട് ഇരിപ്പായിരുന്നു . വന്നയുടനെ ഒരു ഫഷ്ക്ലാസ് തോണ്ടലു തോണ്ടി ,ഏതാണ്ട് ഒന്നരയിന്ചോളം പുറത്തോട്ടു തള്ളിയ കണ്ണുകളോടെ എന്നെയും നോക്കികൊണ്ട് നിന്നു. ഞാന്‍ ഒരു മുറുക്കിന്റെ കഷണം പൊട്ടിച്ചു കൊടുത്തു.
'അതല്ല...'
'പിന്നെ...'
'റിസള്‍ട്ട് വന്നത്രേ..'
'അത്ന്?...ന്താണ്ടാ.. '
'യ്യ് വൈറ്റിംഗ് ലിസ്റ്റില്‍ ണ്ട്.. '
ഞാന്‍ മുറുക്ക് തീറ്റ തുടര്‍ന്നുകൊണ്ടു പറഞ്ഞു 'അതാണോ ..തൊന്നും വല്ല്യ.. '
'നിക്ക് കിട്ടി..' പുരികം മുകളിലേക്ക് തള്ളികയറ്റി ,മുഖം ഒരു വശത്തേക്ക് കോട്ടി ചളുങ്ങിയ ഓട്ടുകിണ്ടി പരുവമാക്കികൊണ്ട് ദാസന്‍ പറഞ്ഞു .
ഞാന്‍ അന്തം വിട്ട് , ബാക്കിയുള്ളതെല്ലാം കൂടെ വായിലേക്ക് കുത്തി നിറച്ച് ,ഇടത്തെ കൈകൊണ്ടോന്നു മുഖം ഉഴിയുന്നതിനിടയില്‍ ആശ്ചര്യ ഭാവം മാറ്റി ഒരു പുഞ്ചിരി സ്ഥാപിച്ചെടുത്തു .
'ഗലക്കി ദാസാ.. '
'നി പ്പോ ന്ത് ചെയ്യും?'
'നിന്റെ അച്ഛന്‍ എന്നാ വര്ണേ ..'
'ഈ ശനിയാഴ്ച ..'
'ദാസാ..'
'ഉം..'
'അപ്പോ ചേരേണ്ടി വരും ..'
അവന്‍ മുറുക്കിന്റെ പാത്രം വാങ്ങി , എന്റെ തലകിട്ടു ഉഗ്രന്‍ ഒരു കിഴുക്കു കിഴുക്കി .പാത്രമുള്‍പ്പടെ മേലെക്കുയര്ത്തികൊണ്ട് പറഞ്ഞു..
'ഭഗോതീ .. ചതി ! ')
അന്ന് വൈകുന്നേരം സ്കൂള്‍ വിട്ട് വീട്ടിലെത്തി ഞാന്‍ നേരെ ദാസന്റെ വീട്ടിലേക്ക് നടന്നു. എല്ലായിടത്തും തിരഞ്ഞിട്ടും കണ്ടില്ല. അവസാനം മുകളിലത്തെ മുറിയില്‍ ഏന്തി വലിഞ്ഞു കയറി നോക്കിയപ്പോള്‍ ദേണ്ടെ...
ഏതോ ഭീകര ജന്തുവിനെ കണ്ടപോലെ അവന്‍ എന്നെ തുറിച്ചു നോക്കി.
സ്കൂള്‍ ബാഗെല്ലാം മുക്കിലേക്ക് വലിച്ചെറിഞ്ഞ് ,കട്ടിലിന്റെ മുകളില്‍ പട്ടിണിക്കിട്ട മൂങ്ങപരുവത്തില്‍ ഇരിക്കുന്ന ദാസനെ നോക്കി ഞാന്‍
പറഞ്ഞു .
' ഞാന്‍ അവ്ടെ ഒറ്റയ്കിരുന്ന് ...ദാസാ ..നീ അവടെ കെടന്നു തകര്‍ക്കാവും ..ല്ലേ? '. .
അവന്‍ എന്റെ മുഖത്തേക്കും കുറ്റിപ്പുറം ടെക്നിക്കല്‍ സ്കൂളിലെ അവന്റെ നരച്ച യൂണിഫോര്മിലേക്കും മാറി മാറി നോക്കി ,ദിഗന്തങ്ങള്‍ ഞെട്ടുമാറ് പല്ലിറുക്കികൊണ്ട് പറഞ്ഞു..
'വരിക്ക..ച്ചക്ക!....!@#$%^&'