Tuesday, 29 May 2012

നന്‍പന്‍! -part 1

വര്‍ത്തമാനത്തില്‍ അങ്ങനെ കാര്യഗൗരവത്തോടെ ഞാന്‍ അവതരിപ്പിച്ച പ്രണയാഭ്യര്‍ഥന ഒരു  ഏറനാടന്‍ തമാശയായി പരിഗണിച്ചാല്‍ മതി എന്ന് ശ്രീമതി സാറാമ  നിലപാടെടുത്തിരിക്കുന്ന സ്ഥിതിക്ക്  അതിന്മേലുള്ള തുടര്‍നടപടികളെല്ലാം  കേന്ദ്ര കമ്മിറ്റിക്ക് വിട്ട് ഞാനങ്ങനെ ചുമ്മാ കുത്തിയിരിപ്പാണ്‌ . അവസ്ഥയെ കുറിച്ച്   ദാസന്‍ അവര്‍കള്‍ സമഗ്രമായൊരു അപഗ്രഥനം നടത്തി രണ്ടു പ്രധാന ആരോപണങ്ങള്‍ ഉന്നയിച്ചു വിട്ടു.ഒന്ന്‍ ഒരു പൊടിയനി മരത്തിനു സപ്പോര്‍ട്ട്  കൊടുക്കാന്‍ പോലും ആരോഗ്യമില്ലാത്ത വിധമാണ്  ഞാനിരിക്കുന്നതെന്ന് ! (പ്രേമത്തിനു കണ്ണില്ല ,മൂക്കില്ല, തേങ്ങയില്ല  എന്നൊക്കെ പറഞ്ഞ വിദ്വാനാരാണാവോ,ഈശ്വരാ, ഭഗവാനെ അവനു നല്ലത് മാത്രം വരുത്തണേ..!). മറ്റേത്    ഞങ്ങളുടെ ഡിപ്പാര്ട്ട്മെന്റിന്റെ ആകെയുള്ള കുഴപ്പമാണ് , 24 കാരറ്റ് സജ്ജന്ങ്ങളായി ഇരുന്നിട്ടുകൂടി മെക്കാനിക്കല്‍ എന്ജിനീരിംഗ് പിള്ളാരെ കാണുമ്പോള്‍ പത്തടി മാറിനില്‍ക്കാന്‍ പെണ്‍കുട്ടികള്‍ക്ക് ഒരു ഉള്‍വിളി ഉണ്ടാകുമത്രേ! (അല്ലെങ്കില്‍ തന്നെ ബഷീര്സായിബ്ബ്  പറഞ്ഞ പോലെ ഇതിനെ കുറിച്ചൊക്കെ മണ്ടകെണേശന്മാരായ നമുക്കെന്തറിയാം!) . പിന്നെ ഈ സംഭവങ്ങളൊന്നും ദാസന്ജിയെ മുന്‍കൂട്ടി അറിയിച്ചില്ല അല്ലെങ്കില്‍ കാണാമായിരുന്നു എന്നും . അദ്ദേഹമുണ്ടായിരുന്നെങ്കില്‍ സംഭവം  ഒന്നാന്തരമൊരു ഉലുവാക്കഞ്ഞി പരുവമാക്കി തരുമായിരുന്നു എന്നെനിക്ക് ഉറപ്പുണ്ടെങ്കിലും ദാസന്‍ അടുത്തില്ലാത്തത് എന്നെ പലപ്പോഴും ഇങ്ങനെ സങ്കടപ്പെടുത്താറുണ്ട്.  ഉസ്ക്കൂളിലായിരുന്നപ്പോഴും ഞാന്‍ ഏറ്റവുമധികം  വിഷമിച്ച    രണ്ടു സന്ദര്‍ഭങ്ങളും മൈ ഡിയര്‍  ദാസന്റെ അസാമിപ്യത്തോട് ബന്ധപ്പെട്ടിരിക്കുന്നു .


ഭാഷാ പഠനത്തിനു സ്കൂളില്‍ ഒരു സിസ്റ്റം നിലന്നിന്നിരുന്നു . നാലാം ക്ലാസില്‍ നിന്നും അഞ്ചിലേക്ക് ജയിക്കുന്നതോടെ കുറെ പേര്‍ മലയാളം വിഭാഗവും മറ്റുള്ളവര്‍ സംസ്കൃതം വിഭാഗവുമായി  തരം തിരിക്കപ്പെടുന്നു . മലയാളം ടീമിനെ അഞ്ച് എ യിലേക്കും സംസ്കൃതം ടീമിനെ അഞ്ച് ബി യിലെക്കുമായി മാറ്റുന്നു. സംസ്കൃതം വേണോ മലയാളം വേണോ എന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ട്  . (ജനാധിപത്യം തന്നെ , പച്ചേങ്കില്  നാലാം ക്ലാസില്‍ നിന്ന് നീന്തി കേറുന്ന പിടുങ്ങാച്ചിക്കെന്ത് സംസ്കൃതം, ഹെന്ത്  ഹീബ്രു ?).  എന്നെ സംബന്ധിച്ചാണെങ്കില്‍ ഈ മനോഹരമായ അവകാശം പോലും ലംഘിക്കപ്പെട്ടു . എന്റെ പ്രാണപ്രിയ പിതാവ് ഒരു സംസ്കൃതം വാധ്യാരാണ്. അത് കൊണ്ടുതന്നെ എന്റെ സ്കൂളിലെ സംസ്കൃതം മാഷും അച്ഛനും ചേര്‍ന്ന്‍ ഒന്നാന്തരമൊരു ഗൂഡാലോചന നടത്തി എന്നെകൊണ്ട് സംസ്കൃതം എടുപ്പിക്കാന്‍ തീരുമാനിച്ചു .   എന്റെ ഓപ്പു ,എഴാം ക്ലാസിലിരുന്നു സംസ്കൃത ഭാഷയില്‍  ഗവേഷണം നടത്ത്തികൊണ്ടിരിക്കുകയാണെന്ന രീതിയില്‍ , അടുത്തുവന്നു 'ദിദാണ്ട ചെക്കാ എളുപ്പം ...ഇതെടുത്താ മതി എന്നും ..'.  നോക്കണേ, എന്ന്! . പിന്നെ ആകെയുള്ള സമാധാനം ദാസനെ എന്തെങ്കിലും പറഞ്ഞു പറ്റിച്ച് ഒപ്പം കൂട്ടാം എന്നത് മാത്രമായിരുന്നു.

പക്ഷെ അതുണ്ടോ നടക്കുന്നു. എന്ത് പറഞ്ഞാലും ദാസന്‍ സംസ്കൃതം എടുക്കാനില്ല , ' അണക്കന്റെ അച്ഛന്‍ ള്ളോണ്ട് എട്‌തോ പിട്തോ ന്നു ജയിക്കാ.. ഞാനോ ?..എനിക്കാവൂല്ല ആക്കണ്ട  സ്വാഹയൊക്കെ എഴ്തി   എടങ്ങെറാവാന്‍.'. (അന്ന് സംസ്കൃതമായി ഞങ്ങള്ക്കറിവുണ്ടായിരുന്നത് ഗണപതി ഹോമത്തിനു ചൊല്ലുന്ന അവ്യക്തമായ സ്വാഹകള്‍ മാത്രമാണ്!  ). പെട്ടില്ലേ ഞാന്‍ ,അങ്ങനെ അന്തം വിട്ട്  അഞ്ച് എ യില്‍ ദാസനെയും  ഉപേക്ഷിച്ച്  ബാഗ് നിറയെ  അമ്പരപ്പും പേറി ഞാന്‍ അഞ്ച് ബി യിലേക്ക് ... 
അവിടെയോ പരിചയവുമില്ലാത്ത പിള്ളേരാണ്  കൂടുതല്‍ . ആകെ പരിചയമുള്ള കുറച്ചെണ്ണം എന്റെ ഒത്തുതീര്‍പ്പ് പരിപാടിയുടെ ഭാഗമായി എനിക്ക് ഒട്ടേറെ അടി പിടി ഇഞ്ചികുത്ത്    സംഭാവനകള്‍ തന്നവര്‍ .(ക്ലാസുകള്‍ തമ്മില്‍ അടിപിടിയുണ്ടാവുമ്പോള്‍  ഇടപെട്ട്  രണ്ടു കൂട്ടരുടെ കൈയ്യില്‍ നിന്നും സമൃദ്ധമായി തല്ലു മേടിക്കുന്ന ഒരു ഒത്തു തീര്‍പ്പ്‌ കമിറ്റി നിലവിലുണ്ടായിരുന്നു ).ഓരോ പിരീഡ് കഴിയുമ്പോഴും കുറച്ചു നേരം ദാസനവിടെ എന്തായിരിക്കും ചെയ്യുന്നുണ്ടാവുക എന്നും ചിന്തിച്ചിരിക്കും . ആരോടും ഒന്ന്  പരിചയപ്പെടാനോ  സംസാരിക്കാനോ പോലും തോന്നിയില്ല. ആകെ ഒരു മാതിരി പൂരത്തിനിടക്ക് കാരണവരുടെ പിടിവിട്ട് ആനേടെ കാലിനിടക്ക് കുടുങ്ങിയ അവസ്ഥ . അതിനിടക്ക് സംസ്കൃതം പഠിപ്പും തുടങ്ങി . ഗോള്ളാം, പരിപാടിയൊക്കെ  ഗംഭീരം തന്നെ, പക്ഷെ എനിക്കുണ്ടോ ഇതിലൊക്കെ മനസ്സുറക്കുന്നു?.. സാര്‍ ഇടക്കെന്നെ ഒന്ന് ചൂഴ്ന്നു നോക്കും ...ഞാനാണെങ്കില്‍ വെട്ടുകൊണ്ട വാഴതൂമ്പു പോലെ തല താഴത്ത് മുട്ടിക്കും .അങ്ങനെ ഒന്ന് രണ്ടു ദിവസം പരിപാടി ഗംഭീരമായി കഴിഞ്ഞു . ദാസന്റെ അവസ്ഥയും ഏതാണ്ട് ഇത് പോലൊക്കെ തന്നെയായിരുന്നു . ഞങ്ങള്‍ രണ്ടാളും പകുതെടുത്തുകൊണ്ടിരുന്ന ചീത്തകള്‍ ദാസന്‍ മൊത്തമായി ഏറ്റെടുക്കേണ്ടി വന്നു . 

അങ്ങനെ ഞാന്‍ മെല്ലെ സംസ്കൃതം മാഷെ സമീപിക്കാന്‍ തീര്ച്ചെയാക്കി. 'നിക്കിവിടെ പറ്റൂല  മാഷെ, പഴേ ക്ലാസ് മതി,സ്വാഹ! ' എന്ന് പറഞ്ഞു നോക്കിയിട്ടും 'പോയീനെടാ അവ്ട്ന്ന്, ഇനി മാറാനൊന്നും പറ്റില്ല്യ ,സ്വാഹ ! ' എന്ന് പറഞ്ഞു  തമ്പുരാനെന്നെ തിരിച്ചയച്ചു . മുള്ളുറച്ചൊരു മൂത്ത ചക്ക നെഞ്ചത്ത് കയറി വച്ച പോലൊരു അവസ്ഥയിലാണ്  ഞാന്‍ വീട്ടിലെത്തിയത് . കുറെ നേരം ആരോടും ഒന്നും പറയാതെ മുഖം കൂര്‍പ്പിച്ചിരുന്നു. രാത്രി ഭക്ഷണം കഴിച്ച്  , നട്ടപാതിര വരെ ഉറങ്ങാതെ കഴിച്ചു കൂട്ടി ,ചീവീടുകള്‍ വരെ ഉറക്കം തൂങ്ങി തുടങ്ങിയ കാലത്തിങ്കല്‍ എണീറ്റിരുന്നു ,'നിക്കാവൂല  ആ ക്ലാസില്  പഠിക്കാന്‍ ന്റെ അച്ചോ ,ഭഗോതീ ,മുത്തപ്പോ ..'  ന്ന് ഉറക്കെ അലമുറയിട്ട് കരയാന്‍ തുടങ്ങി.   ശട പടെന്ന്‍ എല്ലാരും ഓടിയെത്തി. അമ്മേം അച്ഛനും കൂടെ എന്തൊക്കെയോ പറഞ്ഞു സമാധാനി പ്പിച്ചുകൊണ്ടിരി ക്കുമ്പോഴാണ് വണ്‍ ആന്‍ഡ്‌ ഒണ്‍ലി ഓപ്പു കണ്ണും തിരുമ്പി വരുന്നത്. വന്നയുടനെ തൂണും ചാരി നിന്ന് പറഞ്ഞു 'ദൊക്കെ ചെക്കന്റെ അടവല്ലേ..'. ഞാന്‍ ഓപ്പുനെ ഒന്ന് തുറിച്ചു നോക്കി ഒന്നൂടെ ഉച്ചത്തില്‍ കരഞ്ഞു തുടങ്ങി .'പോടീ അവ്ട്ന്ന് ,ന്റെ കുട്ടിക്ക്  എന്തോ വെഷമം ന്ടായിണ്ട്' എന്ന സുന്ദരമായ കണ്ടു പിടുത്തം നടത്തി അമ്മ ഓപ്പൂനെ ഓടിച്ചു    വിട്ടു. 
 അച്ഛനദ്ദേഹം ആദ്യം 'അതൊക്കെ ശരിയാവും കുട്ടാ..കുറച്ചു ദിവസം കൂടെ കഴിയട്ടെ ' എന്നൊക്കെ പറഞ്ഞു വരുതിയിലാക്കാന്‍ ശ്രമിച്ചെങ്കിലും  അവസാനം മാതാജിയുടെ ഭീകര നോട്ടങ്ങളെ ചെറുത്തു നില്‍ക്കാനാകാതെ   സ്കൂളില്‍ ഹാജരായി.   

 ഞാനെന്റെ ദാസന്റെ അടുത്തേക്ക്  ഏന്തി നടന്നു ...

തമ്പുരാന്റെ തുറിച്ചു നോട്ടം വക വെക്കാതെ...അഞ്ച് എ യില്‍ ചെന്ന് ,അന്തം വിട്ടിരിക്കുന്ന പിടുങ്ങാചികളുടെ ഇടയിലൂടെ ദാസന്റെ അടുത്തെത്തി ഞാന്‍ പറഞ്ഞു ...'ഭവാന്‍ ..സംസ്കൃതം... സ്വാഹ!'
                                                                               (തുടരും.. )

Monday, 21 May 2012

പ്രണയോപഹാരങ്ങള്‍



പ്രണയസമ്മാനങ്ങള്‍ എല്ലാവര്ക്കും എല്ലാകാലവും ഓര്മിചിരിക്കാന്‍ തക്കവണ്ണം  ഒന്നാന്തരം ഗുട്ടന്ബര്‍ഗായിയന്‍ ഓര്‍മകളായി അവശേഷിക്കാറാണ് പതിവ്. അത് കിട്ടിയതായാലും കൊടുത്തതായാലും. വര്‍ത്തമാനത്തില്‍ ഞാനൊരു പെണ്കിടാവിന്റെയടുത്തു പോയി ആവശ്യത്തിലധികം ഗാംഭീര്യത്തോടെ ബഷീറിന്റെ 'പ്രേമലേഖനം' പുസ്തകം ഏല്പിച്ച് അതിനുള്ളില്‍ 'എനിക്ക് ഉണങ്ങിയ ഒരു കേശവന്‍  നായരാവാന്‍ താല്പര്യമുണ്ടെന്നു പറഞ്ഞു ' . കുട്ടി അതിലും ഗാംഭീര്യത്തോടെ പോയി പണി നോക്കാനും പറഞ്ഞു.

ഇതെല്ലാം  കഴിഞ്ഞ്..  ദാസനും ഞാനും കൂടെ  കോഴിക്കോട്  നിന്ന്  ട്രെയിനില്‍ വരുമ്പോ ദാസന്‍ പറഞ്ഞു . 
'ഡാ മനു ഗള്‍ഫീന്ന് വന്നിട്ടുണ്ട് '
'ഏത് മനു?'
'ഓര്മല്ല്യെ....'

നേഴ്സറി പരിപാടി ചീറ്റി പോയതിനു ശേഷം ജാഗ്രതയോടെ ഞാന്‍ കാത്തിരിക്കയായിരുന്നു.കാത്തിരിപ്പിനൊടുവില്‍ അവര്‍(എന്റെ പ്രാണപ്രിയ മാതാപിതാക്കള്‍ ഓപ്പുവിന്റെ ഒത്താശയോടെ ) അത്  ചെയ്തു . എന്നെ അതി ക്രൂരമായി ഉസ്കൂളില്‍ ചേര്‍ത്തു.എന്റെ ഉസ്കൂള്‍ ജീവിതം തുടക്കവും ഗംഭീരമായിരുന്നു ,എന്തായാലും അതിനെ കുറിച്ച് പിന്നെ പറയാം , നമ്മുടെ സംഭവം നടക്കുന്നത് ആറാം ക്ലാസ് വെക്കേഷന്‍ തീര്‍ന്ന്‍ ക്ലാസ് തുടങ്ങി ഏതാണ്ട് ഒരാഴ്ച കഴിഞ്ഞതിനു ശേഷമാണ് .

അഞ്ചാം ക്ലാസ്സ് മുതല്‍ക്ക്ത്തന്നെ  ഞാന്‍ ഉസ്കൂളിലെ ഒതുതീര്‍പ്പ് കമ്മിറ്റി ചെയര്‍മാനായി സ്ഥിരം തല്ലുവാങ്ങികൊണ്ടിരിക്കയായിരുന്നു . ക്ലാസിലെ സ്ഥിതി കുറച്ചി കൂടി മോശം (ഏതാണ്ട് ബെഞ്ച്‌ എന്നത് ഇരിക്കാനുള്ള സാധനമാണെന്ന് മറന്നു തുടങ്ങിയ കാലം  ). അങ്ങനെയുള്ള ഒരു ദിവസം ഇന്ത്യയുടെ ദേശീയ മൃഗം  പശുവാണെന്ന്  പ്രസ്താവിച്ചതിന് ബെഞ്ചിന്റെ മുകളില്‍ ശക്തന്‍ തമ്പുരാന്‍ പ്രതിമയെ പോലെ നെഞ്ചും വിരിച്ചു നില്‍ക്കുമ്പോഴാണ് ഉസ്കൂള്‍ ശിപായി മഹാനായ മണിയന്‍ പിള്ള ക്ലാസിലേക്ക് കടന്നു വരുന്നത്(മണിയന്‍ പിള്ള തന്റെ കൊന്ത്രന്‍ പല്ലുകൊണ്ടാണ് മണിയടിക്കുന്നതെന്നാണ് ഞങ്ങള്‍ ഏറെ  കാലം വിശ്വസിച്ചു പോന്നത് !). മണിയന്‍ പിള്ളയുടെ പിന്നാലെ  ഒരു പെണ്കിടാവും കടന്നു വന്നു. (ഉയര്‍ന്ന നിലയിലായത് കൊണ്ട് എല്ലാം വ്യക്തമായി കാണാമെന്നൊരു സൌകര്യമുണ്ടല്ലോ !). സുഭദ്ര ടീച്ചര് പറഞ്ഞ അഡ്മിഷനാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് കുട്ടിയെ അവിടെയാക്കി അങ്ങേരു പോയി . ടീച്ചറ് 'കുട്ടി വരൂ ,അവിടെ ഇരുന്നോളൂ ' എന്നും ,(ദവിടെ  ഹിരുന്നോളൂ  ന്ന്,  ഒരുത്തന്‍  ദവിടെ  നെഞ്ചും വിരിച്ചു നിക്കണതു കണ്ണില്‍ പിടിക്കാഞ്ഞിട്ടല്ല !,ഹെന്തു ചെയ്യാന്‍!.). 

അവളു മെല്ലെ ചൂണ്ടികാണിച്ച സ്ഥലം നോക്കി ഇരിപ്പുറപ്പിച്ചു . അവളോട്‌ പേരും മുമ്പുണ്ടാരുന്ന സ്കൂളും ഒക്കെ  ചോദിച്ചു മനസ്സിലാക്കി , എന്നെയും അവളെയും മാറിമാറി നോക്കി ഒന്ന് നിശ്വസിച്ച്   'മോള്‍ക്ക്‌ നമ്മുടെ ദേശീയ മൃഗം ഏതാണെന്ന്  നിശ്ചയണ്ടോ ?'ന്ന് ചോദിച്ചു , അവള്‍ കേട്ട പാടെ ചാടിയെഴുന്നേറ്റ്   'കടുവയല്ലേ ടീച്ചറെ'  എന്ന്‍ ഉത്തരവും കൊടുത്തു . പറയണോ ബാക്കി , അവള്‍ മിടുക്കിയാണെന്ന സര്‍ട്ടിഫിക്കറ്റ് കൊടുത്തു , എന്നോട് ചോറ് പൊതിയുന്ന പത്ര കഷണമെങ്കിലും വായിക്കാന്‍ ആവശ്യപെട്ടു, രണ്ടാളോടും ഇരുന്നോളാന്‍ പറഞ്ഞു . 
ക്ലാസിലാകെ പൊട്ടിച്ചിരി പടര്‍ന്നു . ഞാന്‍ പുതിയതായി വന്നവളെ കനപ്പിച്ച്ചോന്നു നോക്കി മരപലകക്ക് മുകളില്‍ ആസനമുറപ്പിച്ചു.
 (അല്ല ,പശുവിനെന്താ കുട്ടീ  ഒരു കുറവ് ?,അത് പാല് തരുന്നില്ലേ ,ഒന്നാന്തരം ചാണകം തരുന്നില്ലേ?,കടുവ ഇതിലേതെങ്കിലും ഒന്ന് ചെയ്യുന്നുണ്ടോ?,എന്നിട്ടും ദേശീയ മൃഗം കട്ടബോംമന്‍ കടുവ ,ഹിതെന്ത് ഞ്യായം ?!).

കുറ്റം  പറയരുതല്ലോ,കാല്   നല്ല ഒന്നാന്തരമായി വേദനിക്കുന്നുണ്ടായിരുന്നു . അതിനെക്കാള്‍ എന്നെ സങ്കടപ്പെടുത്തിയത്  താഴത്തേതില്‍ ദാസന്‍ എന്നാ എന്റെ ആത്മാര്‍ത്ഥ സുഹൃത്ത്  തല  പൊത്തകത്തിന്റെ ഉള്ളില്‍ കയറ്റി പഠിപ്പഭിനയിക്കുന്നതായിരുന്നു . മസ്കറ്റിലുള്ള അവന്റെയച്ഛന്‍  തലേ ദിവസം നെടുമ്പാശ്ശേരി വീമാനമിറങ്ങിയത്   മുതല്‍ക്കു തുടങ്ങിയ കിത്താബു പ്രണയമാണ്  ( അദ്ദേഹം വന്നാലുടനെ ഒരു ഉസ്കൂള്‍ സന്ദര്‍ശനമുണ്ട്!). മണിയടിച്ചതിനു പിന്നാലെ ടീച്ചര്‍ മെല്ലെ പുറത്തേക്ക് നടന്നു. എല്ലാവരും പുതിയതായി വന്ന കൊച്ചിനെ വളഞ്ഞു . ബഹളത്തിനിടക്ക് അവളെന്നെ നോക്കിയൊന്നു ചിരിക്കാന്‍ സമയം കണ്ടെത്തി  . ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല (അല്ലെങ്കിലും , പശുവിനെ ദേശീയ മൃഗമാക്കുന്നത് വരെ ഒരു സന്ധിക്കും ഞാനില്ല മോളെ... !).അങ്ങനെ, എന്തോ അവളെ അന്നുതന്നെ എന്റെ ആജന്മ ശത്രുവായി ഞാന്‍  പ്രഖ്യാപിക്കുകയുണ്ടായി  . 

പക്ഷെ ആ ശത്രുതക്ക് അത്ര ആയുസ്സുണ്ടായിരുന്നില്ല..നല്ല പഠിപ്പും വിവരോം ,കാണാനും കൊള്ളാം,പാട്വേം ചെയ്യും . പോരേ..ക്ലാസിലെ മുറിവാലന്മാരെല്ലാം  അവളുടെ പിന്നാലെ , ചെയ്യുന്നതും കാണിക്കുന്നതുമെല്ലാം അവള്‍ക്കു വേണ്ടി . അവള്‍ വരുന്നതിനു മുമ്പ് വരെ ഞാനും ദാസനും കൂടി അവതരിപ്പിക്കുന്ന മിമിക്സ് പരേഡ് ആയിരുന്നു ക്ലാസിലെ ഹൈലൈറ്റ് . അവളെത്തിയതില്‍ പിന്നെ  ദാസനും എനിക്കും പുല്ലുവില. എല്ലാവര്ക്കും അവളുടെ പാട്ടുമതി. എന്തിനു പറയുന്നു എന്റെ സ്വന്തം ദാസന്‍ എന്നും കുറെ നന്ത്യാര്‍വട്ട പൂ പോതിഞ്ഞോണ്ട്  വരാന്‍ തുടങ്ങി ,അവള്‍ക്ക് കൊടുക്കാന്‍ (ഒന്നും കൊടുക്കില്ല ,ഹത് വേറെ കാര്യം !).

 സങ്കതി ഇങ്ങനെ ഗംഭീരമായി മുന്നേറികൊണ്ടിരിക്കുമ്പോഴാണ്‌ ഞാനും ശത്രുത അവസാന്പ്പിക്കാന്‍ തീരുമാനിക്കുന്നത് . എന്തായിരുന്നു കാരണമെന്നോ കാരണം വല്ലതും ഉണ്ടായിരുന്നോ എന്നോ ഓര്‍മയില്ല ,അല്ലെങ്കില്‍ തന്നെ പിടുങ്ങാച്ചി പയ്യെന്നെന്ത് 'ആജന്മ ശത്രുത ഹേ..'. ശത്രുത അവസാനിപ്പിച്ചത്തിന്റെ അടുത്ത സ്റെപ് അവളുമായി കൂട്ട് കൂടുക എന്നതായിരുന്നു. തല കുത്തി നിന്നാലോചിച്ചിട്ടും ഒരൈഡിയയും കിട്ടീല . ആരോടെങ്കിലും സഹായം ചോദിക്കാനൊക്കുമോ,നന്നായിട്ട്ണ്ട് !!. 
അങ്ങനെ  അവസാനം അവള്‍ക്കെന്തെങ്കിലും സമ്മാനം കൊടുത്താലോ എന്ന ചിന്തയായി . എന്ത് കൊടുക്കും ,. എന്തെങ്കിലും മേടിക്കാനുള്ള പൈസ  കുളങ്കര പൂരത്തിന് ധനാകര്ഷണ യന്ത്രമായി നിന്ന് മേടിച്ചു അച്ഛന് സംഭാവന ചെയ്യുന്നതില്‍ നിന്ന്  മിച്ചം പിടിക്കണം ,മേടിച്ചാല്‍ തന്നെ എങ്ങനെ കൊടുക്കും ?,മിക്കവാറും ദാസന്റെ ബാഗിലിരുന്ന ചീയുന്ന നന്ത്യാര്‍വട്ട പൂവിന്റെ അവസ്ഥയാകും അതിനും . അപ്പോഴാണ്‌  പിടുങ്ങാച്ചിബുദ്ധി ഒരു മാര്‍ഗം കണ്ടു പിടിക്കുന്നത് . അവള്‍ക്ക് ആവശ്യത്തിനും അതില്‍ കൂടുതലുമുള്ള വിവരത്തെ ചൂഷണം ചെയ്യുക . ഒരു ക്വിസ് നടത്തുക , ഒന്നാം  സ്ഥാനത്തെത്തുന്ന ആള്‍ക്കൊരു   സമ്മാനം . എനിക്ക് വിവരമില്ലെന്ന പൊതുജന ധാരണയ്ക്ക്  മേല്‍ ഒരു മുട്ടന്‍   ഇരുമ്പാണി  . (ആഹഹഹ ! ഗൊള്ളാം!!) . 
അങ്ങനെ പ്ലാന്‍  തയ്യാറായി . പൂരത്തിന്റെ കാശ് അതി വിദഗ്ദമായി വെട്ടിച്ചു. ശാരദ ടീച്ചറെ കൊണ്ടും ബാലഭൂമിയില്‍ നിന്നും ചോദ്യാവലി നിര്‍മാണം പൂര്‍ത്തിയാക്കി. ഒരു ഹീറോ പേനയും മഷികുപ്പിയും സമ്മാനമായി തീരുമാനിച്ച് മേടിച്ചു . ഒരു വെള്ളിയാഴ്ച ഉച്ചക്ക് അതി ഗംഭീരമായ് തന്നെ ക്വിസ് പരിപാടി നടത്താന്‍ തീരുമാനവുമായി. അങ്ങനെ അധികം പുറത്തറിയാതെ ക്ലാസില്‍ മാത്രമായി ശാരദ ടീച്ചറുടെ തന്നെ ആഭിമുഖ്യത്തില്‍ പരിപാടി നടത്തപെട്ടു.ഞാന്‍ പൈസ ഇറക്കി ഒരു പരിപാടി ,അതും ക്വിസ്, ഞാന്‍ തന്നെ  ക്വിസ് മാസ്റര്‍  !. നന്നായിരിക്കുന്നു! , ദാസനായിരുന്നു ഏറ്റവും അധികം അന്തം വിട്ടിരുന്നത് . 

പരിപാടി തുടങ്ങി . ആദ്യത്തെ ചോദ്യം ഞാന്‍ അവളെ ഇടം കണ്ണിട്ടു നോക്കികൊണ്ട് ചോദിച്ചു  'ഇന്ത്യയുടെ... ദേശീയ.. മൃഗം?'. എല്ലാവരും പേപ്പറില്‍ കുനുകുനാ ന്ന് എഴുതി തുടങ്ങി 
'ക്യാമറ ... കണ്ടു പിടിച്ചതാര് ?'... അങ്ങെനെ  തുടങ്ങി  പത്തോ ഇരുപതോ ചോദ്യങ്ങള്‍ . അര മണിക്കൂറിനുള്ളില്‍  പരിപാടി ഖഥം! .എല്ലാരേയും അവിടെ തന്നെയിരുത്തി  ശാരദ ടീച്ചര്‍ തന്നെ ഉത്തരങ്ങള്‍ എഴുതിയ പേപ്പര്‍ കറക്റ്റ് ചെയ്തു തുടങ്ങി. ഞാന്‍ മെല്ലെ തലയിട്ടു ഒളിഞ്ഞു നോക്കി ,ദാസന്‍ അപ്പളും ഇന്ത്യയുടെ ദേശീയ മൃഗം പശുവാനെന്നാണ് എഴുതിയിരിക്കുന്നത്.നോക്കണേ !!

അവസാനം എല്ലാം കഴിഞ്ഞു. ഇനി എന്റെ സ്നേഹോപഹാരം അവളുടെ കൈയ്യിലെത്താന്‍ രണ്ടു  പടി മാത്രം . റിസള്‍ട്ട്‌ പബ്ലിഷ് ചെയ്യുക ,സമ്മാനം അവളെ ഏല്‍പ്പിക്കുക !,
 അങ്ങനെ എല്ലാവരും ആകാംക്ഷയോടെ കാത്തിരുന്നു. ഞാന്‍ ദാസനെ നോക്കി ഒന്ന് കണ്ണിറുക്കി . ശാരദ ടീച്ചര്‍ എഴുന്നേറ്റു നിന്ന് ഉറക്കെ പ്രഖ്യാപിച്ചു ...'ഒന്നാം സമ്മാനം .....

ദാസന്‍ തുടര്‍ന്നു...


'ഡാ മനുനെ ഓര്മാല്ല്യാ ന്നാ..?..അന്ന് നീ ഓള്‍ക്ക്  സമ്മാനം ഒണ്ടാക്കി കൊട്ക്കാന്‍ ഒരു ക്വിസ് നടത്തീത് ഓര്മണ്ടാ..ഏറ്റൂം ബാക്കിലിരുന്ന   ഒരു തെണ്ടി  ഒന്നാം സമ്മാനോം മേടിച് എല്ലാം  അടിച്ചോണ്ട്  പോയത്  ഓര്‍ക്ക്ണ്ടാ?... '
ഞാന്‍  കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം  ഒന്ന്  ദീര്‍ഘമായി നിശ്വസിച്ചുകൊണ്ടു പറഞ്ഞു 
'എന്തോ....ഓ..ര്‍മയില്ല!!'


Friday, 30 December 2011

ഒടുക്കം...തുടക്കം !

പുതിയൊരു അവസാനം ,പുതിയൊരു തുടക്കം . കാലം  പ്രഭാകരേട്ടന്റെ ലോക്കടാച്ചി  ട്രക്കുപോലെ , വഴിയിലുള്ളവരെ  എല്ലാം തട്ടിയും മുട്ടിയും തെറി പറഞ്ഞും ,ചിലര്‍ക്കൊക്കെ അരി എത്തിച്ചും അങ്ങനെ   ചീറിപാഞ്ഞ്   പൊയ്ക്കൊണ്ടിരിക്കുകയാണ്. കാലത്തിനുള്ളില്‍ എന്തെല്ലാം നടന്നു ? ,
എന്തെല്ലാം നടന്നില്ല?,ഇനിയെന്ത് നടക്കും ? . ഞാന്‍ കുറെ നടക്കാന്‍ സാധ്യതയുന്ടെന്നല്ലാതെ വേറെ
യൊന്നും എനിക്കറിയില്ല തമ്പുരാനെ!  .ഈ കൊല്ലം അത്യാവശ്യം കുഴപ്പമില്ലാതങ്ങ്‌ അവസാനിക്കാന്‍ 
പോകുന്നു. കാലം എന്നെ ശാന്ത സുന്ദരനായ ഒരമ്മാവനാക്കിയിരിക്കുന്നു. എന്റെ ഓപ്പുവിനു ഒരു
പെണ്‍കുട്ടി പിറന്നു . അഭിരാമി,ആമിയെന്നുവിളിക്കാം. കുട്ടി എന്നെകാണുമ്പോള്‍ വാവിട്ട്   നിലവിളിക്കുന്നതിനുള്ള കാരണം മാത്രം പിടികിട്ടുന്നില്ല.സന്തോഷകണ്ണീര്‍ ആവാനും മതി!..ല്ലേ?

ജനുവരി കൊയ്തുകാലതിന്റെ അവസാനമാണ് . പാടമെല്ലാം വെടിപ്പായിട്ടു  വേണം കുളങ്കര
പൂരത്തിന് വെടി പൊട്ടിക്കാന്‍ . എല്ലാവര്ക്കും എന്നത് പോലെ കുട്ടികാലത്തിന്റെ എറ്റവും  സുന്ദരമായ ഓര്‍മയാണ്  പൂരം. ആനയോ വെടിക്കെട്ടോ പഞ്ചവാദ്യമോ  ഒന്നുമല്ല പ്രധാന
ആകര്‍ഷണം . തറവാട്ടില്‍ എല്ലാരും ,എല്ലാരും എന്ന് പറഞ്ഞാല്‍ അച്ഛന്റെ വീട്ടുകാരും
അമ്മേടെ വീട്ടുകാരും കൂട്ടുകാരും കൂട്ടുകാരുടെ കൂട്ടുകാരും എല്ലാ തവിടുപൊടി തുപ്പാക്കി
കളും വീട്ടിലെത്തുന്ന ദിവസം . ഞങ്ങള്‍ കുട്ടി കളാണെങ്കില്‍ മാര്‍ക്കറ്റില്‍ മീന്‍ മേടിക്കാന്‍ പോയ  അവസ്ഥയില്‍ ആകും. ഉമ്മറം മുതല്‍ അടുക്കളത്തലപ്പു വരെ  നിരന്നിരിക്കുന്ന സര്‍വ്വെണ്ണവും മാടി വിളിചോണ്ടിരിക്കും .അത് മാത്രമോ , എവടെ പഠിക്കുന്നു,എത്രാം ക്ലാസില്‍ പഠിക്കുന്നു,എന്തിനു പഠിക്കുന്നു, എന്നെല്ലാം ചോദിച്ചറിഞ്ഞ് ഉമ്മയും തന്ന് സീന്‍ വൃത്തികെടാക്കിയിട്ടേ പറഞ്ഞു
വിടുള്ളൂ . ങ്ഹാ..ഇതിലെ ആകര്‍ഷണീയത പറഞ്ഞില്ലാലോ ..ഈ സ്നേഹപ്രകടനത്തിനു ശേഷം
കുറച്ചു പൈസ കൈയ്യില്‍ തടയും . ധനാകര്ഷണ യന്ത്രം കണക്കെ സര്‍വ്വെണ്ണത്തിനോടും ചിരിച്ച് ,
മനോഹമായ ഉമ്മകള്‍ വാരി വിതറിയങ്ങനെ ധനവാനായ് അന്തം വിട്ടിരിക്കും .

രാവിലെ പൂരവാണിഭത്തില്‍ നിന്നാണ് പൂരാഘോഷങ്ങള്‍ തുടങ്ങുക . അതിനു അച്ഛനേം ഓപ്പൂനേം കൂട്ടി നേരത്തെ എണീറ്റ്  പുറപ്പെടും . ജനുവരിയുടെ കുളിരൊന്നും വകവെക്കാതെയുള്ള നടത്തമാണ് . ഞങ്ങളെ സംബന്ധിച്ചിടത്തോളം  വാണിഭം കളിപ്പാട്ടങ്ങളുടെ ഒരു ഫാഷന്‍ ഷോയാണ് . ഏറ്റവും 
പുതിയ (അത്യാധുനിക!) കളിപ്പാട്ടങ്ങള്‍ ,അത് വില്കാന്‍ നിക്കുന്ന മീശകാരനോപ്പം നമ്മളെ
നോക്കിയങ്ങനെ ചിരിച്ചുകൊണ്ടിരിക്കും . പിന്നെ പൊരി,ആലുവ ,ജിലേബി തുടങ്ങിയ സല്‍കാര സാമാനങ്ങള്‍മേടിക്കും .ന്റെ വല്യച്ചന്‍ ഒരു അപ്പുനായരുണ്ട്.കാര്‍ന്നോരുടെ  കണക്കില്‍ അച്ഛനേം 
അമ്മേനേം അല്ലാത്ത എന്തും അവിടെ കിട്ടും . സീസണിലെ ആദ്യം കിട്ടുന്ന പുളിമാങ്ങ
,പനഞ്ചക്കര , കൈക്കോട്ടുംതായ , കയറ്,മത്സ്യം , ഇറച്ചി , വല, വള, മാല, തേങ്ങാക്കുല
,മാങ്ങാത്തൊലി...  അങ്ങനെയെന്തും. ആവശ്യമുള്ളതെല്ലാം വാങ്ങിച്ച് ,തൂക്കിയിട്ടിരിക്കുന്ന 
ഗുട്ടന്ബര്‍ഗായിയന്‍ സ്രാവുകളുടെ അടുത്തൂടെ രാജകീയ പ്രൌഡിയില്‍  വീട്ടിലേക്ക് .വീട്ടില്‍ ചെന്ന്
കുളിച്ചു അമ്പലത്തില്‍ പോയി വരുമ്പോഴേക്കും ആള്‍ക്കാരോരോന്നായി എത്തിയിട്ടുണ്ടാവും.
പിന്നെയാണ് ഞാന്‍ നേരത്തെ പറഞ്ഞ കലാപരിപാടി. അങ്ങനെ ദിവസം മുഴുവന്‍ ആഘോഷമാണ്. പിള്ളേരെല്ലാം ഒത്തു ചെരുമ്പോഴെക്കും അത് കുരുത്തക്കേടുകളുടെ കാലിക്കറ്റ് യൂണിവേഴ്സിറ്റി(എനിക്കറിയാവുന്നതില്‍ വച്ച്   ഏറ്റവും അധികം ഭീകരന്മാരുള്ള സ്ഥലം ) ആയിട്ടുണ്ടാവും . പിന്നെ കളിയാണ് . എന്താണ് കളിക്കുന്നതെന്നോന്നും നിശ്ചയമില്ല .
 ഇരിക്കുന്നതും ഓടുന്നതും കാര്‍ന്നോരെ വള്ളിക്കാല് വെച്ച് വീഴ്ത്തുന്നതും എല്ലാം കളിയാണ് . അതിനിടക്കെപ്പോഴോ പഞ്ചവാദ്യം കാണാനൊരു പോക്ക് ,പോകുന്ന വഴി നാലെണ്ണം എട്ടു ദിക്കിലെക്കോടും ,ചിലത് ഐസ് പെട്ടിയുടെ താഴെ , സ്വര്‍ഗം ആ പെട്ടിക്കുള്ളിലാന്നെ ന്ന് ഉറപ്പിച്ച് , വായും പൊളിച്ചു നില്‍ക്കും, അനയെപേടിച്ച് അന്തം വിട്ടു നില്‍ക്കും , ഇടയ്ക്കു പൊട്ടു ന്ന കതിനക്കൊപ്പം ഒന്ന് ഞെട്ടി തുള്ളും  ,വെളിച്ചപാടിനെ കാണുമ്പോള്‍  കണ്ണടച്ച് ഐസ് മുട്ടായിയെ കുറിച്ചോര്‍ക്കും ,ഞങ്ങളെയെല്ലാം തിരികെ വീട്ടിലെത്തിക്കുകയെന്നത് കാര്ന്നോര്‍ക്കൊരു ശ്രമകരമായ ദൌത്യം തന്നെയാണ് . വീട്ടിലെത്തിയാല്‍ അടുത്ത കാര്‍ന്നോരെ ചാക്കിടുന്നു വീണ്ടും പരേ...ഡ് !. 
ഇതൊക്കെ കഴിയുമ്പോഴേക്കും  വൈകുന്നേരത്തെ വെടിക്കെട്ടിന് സമയമായിട്ടുണ്ടാവും .
 പിടുങ്ങാച്ച്ചികളെ എല്ലാം അവരവരുടെ സ്രഷ്ട്ടാക്കള്‍ ഏറ്റെടുക്കും .  അങ്ങനെ അവരുടെ വിരല്‍തുമ്പത്തോ തോളിലോ തൂങ്ങികൊണ്ട് ആ ശബ്ദ-വര്‍ണ വിസ്മയം കണ്ടു തീര്‍ക്കും .
പിന്നെ യാത്ര പറച്ചിലും, സല്‍കാര സാമാനങ്ങള്‍ പൊതിഞ്ഞു കെട്ടി കൊടുത്തയക്കലും  
സെന്റിമെന്റല്‍ ടച്ചി മോമെന്റ്റ്‌ (ഒപ്പം കുറെ ഉമ്മകളും).

അല്ല ,ഇതിനിടക്ക് എനിക്ക് കിട്ടിയ ധനത്തിനെന്തു സംഭവിച്ചു എന്ന പറഞ്ഞില്ലല്ലോ !. ഒരു ഉച്ച ഉച്ചരയാകുമ്പോ എന്റെ പ്രാണപ്രിയ പിതാവ് ഉമ്മറത്തെ സഭയില്‍ എന്നെ വിളിച്ചു ചേര്‍ത്ത് 
പറയും  'അവന്‍ അച്ഛന്റെ മോനാ ...അവന്‍ കിട്ടിയ പൈസ മൊത്തം എനിക്കാ തരാ..അല്ലേടാ.. ' . ഞാന്‍ തലയാട്ടും ,നേരെയും വിലങ്ങനെയും ..

എങ്ങനെയാട്ടിയാലും പൈസയുടെ കാര്യത്തില്‍ അങ്ങനെ ഒരു തീരുമാനമാകും .
 പൈസ കൊടുക്കുമ്പോള്‍ ഞാന്‍ പറയും,
 'അച്ഛാ ..നിക്ക് സൈക്കിള് വേണം ...' 
'ഓപ്പൂന്റെയില്ലേ  ഒരെണ്ണം ?'
'നിക്ക് സ്വന്തായിറ്റൊന്നു വേണം ...'
'ആവട്ടെ ...നീ എല്ലാവട്ടവും ഇത് പോലെ പൈസയെല്ലാം അച്ഛന് താ..'
അങ്ങനെ എല്ലാ പൂരത്തിനും ശേഖരിക്കുന്ന ധനം മൊത്തം  അച്ഛന്റെ കൈയില്ലെക്കെത്തിക്കൊണ്ടി
രുന്നു . പറഞ്ഞ പോലെ സൈക്കിള്‍ കിട്ടിയതായി ഓര്കുന്നില്ല,ഞാന്‍ ഓപൂന്റെ സൈക്കിളോടിച്
കാലം കഴിച്ചു എന്നതാണ് സത്യം ..
..തമ്പുരാനെ...ആയതിനാല്‍ ഒരു അതിലൊരു വഞ്ചനയുടെമണമില്ലേ?..ഞാന്‍ അത് മറന്നുവെന്നോ ?. നോ വെ !...അച്ഛനോട് പോയി ചോദിച്ചിട്ട് തന്നെ കാര്യം!...ശാന്ത സുന്ദര ലോകമേ ...നിങ്ങള്‍ ടെന്ഷനടിക്കേണ്ടതില്ല ..സുന്ദരമായി വെറുതെ ഇരിക്കുക ! ..യാത്ര ..

Thursday, 27 October 2011

ജാഗ്രത!

ജീവിതം ജെ ജെ ആന്റണി ബാലരമയില്‍ എഴുതുന്ന പോലെ 'ചുരുളഴിയാത്ത രഹസ്യമായിരിക്കുന്ന' സമയത്തിങ്കല്‍ ഞാനിന്ന് മാധ്യമം ആഴ്ചപതിപ്പിന്റെ ഓഫീസില്‍ പോയി പി.കെ പാറകടവ് ദ്ദേഹത്തിന്റെ  കൈയ്യില്‍ എന്റെ 'അരുന്ധതിയെ'  ദദ്രമായി ഏല്പിച് മടങ്ങുകയുണ്ടായി . നല്ല സഹൃദയനായ മനുഷ്യന്‍ , വായിച്ചു നോക്കാം , നല്ലതാണേല്‍ പ്രസിദ്ധീകരിക്കാം എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു വിട്ടു. അദ്ദേഹം 'അരുന്ധതിയെ' മേശയുടെ ഇടത്തെ മൂലയിലെ കടലാസ്സുകുന്നിലേയ്ക്ക്  എടുത്തു വച്ചു. അവള്‍ വല്ല 'രക്തം കുടിക്കുന്ന കാട്ടാളന്‍' ന്റെയോ മറ്റോ ഒപ്പമായിരിക്കുമോ?,ഹാര്‍ക്കറിയാം? . ഞാന്‍ സാവധാനം തിരിച്ചിറങ്ങി നടന്നു,എന്തെങ്കിലുമാവട്ടെ , കാലം ഉരുളട്ടെ ,ഭൂമി തിരിയട്ടെ, അരുന്ധതി കാട്ടാളന്റെ കൂടെ സുന്ദരമായി കിടന്നുറങ്ങട്ടെ.. 
അപ്പൊ പറഞ്ഞ് നിര്‍ത്തിയത് ?, ങ്ഹാ.. അങ്ങനെ അങ്ങനെ ഞാന്‍ സകമാന കുരുത്തകേടുകളും  അങ്ങനെ സുന്ദരമായി നടപ്പിലാക്കികൊണ്ടിരിക്കുകയായിരുന്ന സമയം , ആയിടക്ക് വല്ലാത്തൊരു പണി കാണിച്ചു  പോയി . ഞങ്ങളുടെ വീടിന്റെ അടുത്തൊരു നമ്പൂതിരി കുടുംബം ഉണ്ടായിരുന്നു . ഞാന്‍ തരം കിട്ടുമ്പോഴൊക്കെ അവിടേക്ക് വിസിറ്റ് നടത്താറുമുണ്ടായിരുന്നു . ഒരു ദിവസം ഒരു കഷ്ണം വറുത്ത ഉണക്കസ്രാവും കൊണ്ട് ഞാന്‍  അവിടേക്ക് ചെന്നു. അവരാദ്യം വിചാരിച്ചത്  ചേന വറുത്തതാണെന്നാണ് . എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ക്ക്  സങ്കതി പന്തിയല്ലെന്ന്  മനസ്സിലായി . അവര് മെല്ലെ എന്നെ വീട്ടിലേക്ക് ഓടിച്ചു വിട്ടു . ഇതെല്ലാരും അറിഞ്ഞതോടെ വീട്ടുകാര്‍ക്കാകെ നാണക്കേടായി . ചെക്കനെ ഇങ്ങനെ വെചോണ്ടിരുന്ന പറ്റില്യ എവ്ടെലും കൊണ്ടാക്കണം എന്ന് പൊതു ജനം വലിയ വായില്‍ ആവശ്യമുന്നയിക്കാന്‍ തുടങ്ങി  . അങ്ങനെ ആ കുരുന്നു പ്രായത്തില്‍ എന്നെ എല്കെജി യില്‍ ചേര്‍ക്കാനുള്ള ഗൂഢാലോചനകള്‍  നടക്കാന്‍ തുടങ്ങി . അങ്ങനെ ഒരു ദിവസം അച്ഛനെന്നെ മെല്ലെ ഒട്ടേറെ മഹാന്മാരെ വാര്ത്തെടുതിട്ടുള്ള ഒരു എല്കെജി സ്കൂളില്‍ ചേര്‍ക്കാനായി കൊണ്ടുപോയി. ക്ലാസിലിരുത്തി അച്ഛന്‍ ദാ പുറത്ത്ണ്ട് ട്ടാ എന്നും പറഞ്ഞു പുറത്തേക്ക് നടന്നു. ഞാന്‍ അവിടെ അന്തം വിട്ടിരിപ്പായി. അവിടെ പിള്ളേരെല്ലാം കുതിരപ്പുറത്തും നിലത്തും നടന്നും കിടന്നും തലകുത്തി നിന്നുമൊക്കെ സുന്ദരമായി കളിക്കുന്നു. എനിക്ക് എവിടെയാണെന്നതിനെ കുറിച്ചോ എന്താണ് ചെയ്യേണ്ടത് എന്നതിനെ കുറിച്ചോ ഒരു രൂപവുമില്ലാതെയായി. ഞാന്‍ അലറി കരയാന്‍ തുടങ്ങി . ആരെക്കെയോ വന്നു ആശ്വസിപ്പിച്ചു,ഞാന്‍ കരച്ചില്‍ തുടങ്ങിയതോടെ വേറെയും കുറെയെണ്ണം  വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി . അവസാനം സന്ധി സംഭാഷണത്തിനായി അവരൊരു ഉന്നതതല യോഗം വിളിച്ചു കൂട്ടി.  . സന്ധി ചര്‍ച്ചയുടെ ഫലമായി അച്ഛന്‍ വന്നു. . ഇങ്ങനെയാണേല്‍ കൊച്ചിനെ ഞങ്ങളെങ്ങനെ ഇവിടിരുത്തുമെന്നു ദയനീയതയോടെ അവര് ചോദിക്കുകയുണ്ടായി . അച്ഛന്‍ മെല്ലെ എന്റെയടുത്തു വന്നു 'അച്ഛന്റെ ചക്കരകുട്ടനല്ലേ ,ബഹളം കൂട്ടാതെ ഇവിടിരിക്യോ?' എന്ന് ചോദിച്ചു .'അച്ഛന്‍ ഇവിടിരിക്കാണേല്‍ ഞാനും ഇരിക്കാം 'എന്ന് ഞാന്‍ പറഞ്ഞു .
ആ   പ്രായോഗിക നിര്‍ദേശത്തോട് അച്ഛന് സാങ്കേതികമായി യോജിക്കാന്‍ കഴിയാത്തതുകൊണ്ട് ഞാന്‍ അവിടെ നിന്നും മെല്ലെ വീട്ടിലേക്ക് നയിക്കപ്പെട്ടു. അങ്ങനെ ഞാന്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ വീട്ടിലേക്ക് തിരിച്ചെത്തി .
കഥ പറഞ്ഞു സമയം പോയതറിഞ്ഞില്ല ,നാളേക്ക് അമ്മായിയമ്മ പ്രൊഫസര്‍മാര് ഒരുപാട് പണി തന്നിട്ടുണ്ട്... അപ്പൊ രാത്രി യാത്രയില്ല... ശാന്ത സുന്ദര ലോകമേ...ശുഭരാത്രി!‍

Sunday, 23 October 2011

കഠിനാധ്വാനം!

തമ്പുരാനെ ,ഇതും ഒരു നിലക്ക് പോകുന്ന ലക്ഷണമില്ല . എന്നും എഴുതണം എന്ന ഭീഷ്മ പ്രതിജ്ഞ്യുമെടുത്ത് പണി തുടങ്ങിയതാണ്‌ . എവടെ ??. എന്താ ചെയ്യാ ,ഇവിടെ സാറുമ്മാര് ഒരുമാതിരി, മകന്‍ സ്ത്രീധനം മേടിക്കാതെ കെട്ടികൊണ്ട് വന്ന പുതുപെണ്ണിനോട് അമ്മായിയമ്മ എന്ന പോലെ (അതി ക്രൂരമായി) തീരുമ്പോ തീരുമ്പോ പണി തന്നോന്ടെയിരിക്കുന്നു. ആ പരിപാടികളെല്ലാം ഒരുമാതിരി അവസാനിപ്പിച്ച് ഞാന്‍ മിനിഞ്ഞാന്ന് വൈകുന്നേരം വീട്ടിലെത്തി സുന്ദരമായി കിടന്നുറങ്ങി. ഇന്നലെ നേരത്തെ പത്തുമണിക്ക് എഴുന്നേറ്റ് പത്രം പരത്തി വായിക്കുന്നതിനിടയിലാണ്‌ അപ്പുറത്തെ വീട്ടിലെ രണ്ടാം ക്ലാസുകാരന്‍ കുട്ടികുട്രൂസ്  അവനെക്കാള്‍ നീളമുള്ള ഒരു ഓലമടല്‍ കഷണവും കൈയ്യിലേന്തി പടികടന്നു വരുന്നത്. വന്നു ,മുറ്റത്തെ പതിമുഖത്തിന്റെ തൈ ഒന്ന് കുലുക്കി, മടല് ബാറ്റ് ശരീരത്തിനു താങ്ങാക്കി നിര്‍ത്തികൊണ്ട്ചോദിച്ചു 'അപ്പൂസേട്ടന്‍ ,കളിയ്ക്കാന്‍ ബര്ണോ ?'(ങ്ഹാ..അത് പറഞ്ഞില്ലല്ലോ ...എനിക്കീ നാട്ടില്‍ കുറച്ചധികം വിളിപ്പേരുണ്ട് ...അത് പിന്നെയൊരിക്കല്‍ പറയാം!)
'നിന്റെ ചേട്ടനെവിടെ പോയി ?' ഞാന്‍ ചോദിച്ചു
'അമ്മെടൊപ്പം മുത്തശീടെ അട്ത്ക്ക് ' അവന്‍ ബാറ്റെടുത്ത് ചുഴറ്റികൊണ്ട്  പറഞ്ഞു . ബാറ്റിനോടൊപ്പം അവനും ഒന്ന് ചുറ്റിതിരിഞ്ഞു .
ഞാനൊന്നു ഇരുത്തി ചിന്തിച്ചു.കളി,അത് വേണോ ?,  തവിട് കൊടുത്തു വാങ്ങിയതോ ജനിച്ചു വീണതോ എങ്ങനെയായാലും കഴിഞ്ഞ ചിങ്ങത്തില്‍ ഇരുപത്തി രണ്ടു കൊല്ലം തികഞ്ഞു.    ഈ പിടുങ്ങാച്ചി പിള്ളേര്‍ടെ കൂടെ കളിക്കാന്‍ മടിയുണ്ടായിട്ടല്ല ,പക്ഷെ ..ഞാന്‍ അവന്റെ മുഖത്തേക്കൊന്നു നോക്കി. അവന്‍ ആവുന്നത്ര നിസ്സഹായത മുഖത്ത് നിറച്ച് തിരിച്ചും ഒന്ന് നോക്കി .  മെല്ലെ പത്രം മടക്കി വച്ച് ഞാന്‍  മുറ്റത്തേക്കിറങ്ങി .

എന്റെയും കുട്ട്രൂസിന്റെയും വീടിനിടയിലുള്ള വഴിയില്‍ ഒരു കാര്‍ഡ്‌ ബോര്‍ഡ്‌ കഷണത്തെ സ്റ്റംബാക്കി ഞങ്ങള്‍ തകൃതിയായി കളി തുടങ്ങി . സത്യം പറയട്ടെ ,ചെക്കന്‍ ഇത്ര ഭീകരനാണെന്നു അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ചുമ്മാ അവിടെ പത്രം വായിച്ചിരിക്കുമായിരുന്നു. കാര്യം എന്താണെന്നല്ലേ ?,ഞാന്‍ എറിഞ്ഞു കൊടുത്ത ആദ്യത്തെ ബോള്‍ അവന്‍ കാട്ടില്‍ കളഞ്ഞു . രണ്ടാമത്തെ ബോള്‍ ടെറസ്സിലെത്തി,എന്തിനധികം പറയുന്നു ഓരോ ബോളും ഒരു ദയയും ദാക്ഷിണ്യവും ഇല്ലാതെ അവന്‍ അടിച്ചു പരത്തി കൊണ്ടിരുന്നു. നോക്കണേ ,ഈ കാലത്തൊരു സഹായം ചെയ്‌താല്‍ ഇങ്ങനെയിരിക്കും!.
അവസാനം ഞാന്‍ സഹികെട്ട് പന്ത് എന്നെകൊണ്ടാവും വിധം വലിച്ചൊരു ഏറു കൊടുത്തു . അതും ആ ദുഷ്ട ബുദ്ധി ഒറ്റയടി .  സ്റ്റംബും കൊണ്ടിങ്ങു പോരുമെന്നു വിചാരിച്ച ബോളങ്ങനെ മാനത്തൂടെ പോകുന്നത് കണ്ടപ്പോള്‍ എനിക്ക് സങ്കടമായി. 'പോയി പണി നോക്കടാ ചെക്കാ ,അവന്റെയൊരു കളി ,മാങ്ങാത്തൊലി' എന്നും പറഞ്ഞു ഞാന്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങി. കുട്രൂസ് ഓടി അടുത്ത് വന്നു . 'അപ്പൂസേട്ടാ പോവല്ലേ ,കളിക്കാം  ...' അവന്‍ വീണ്ടും മുഖത്ത് നിസ്സഹായത നിറച്ചു  (അവനെക്കാള്‍  ഏറെ നിസ്സഹായതയ്ക്കുള്ള അവകാശം എനിക്കായിട്ടു കൂടെ).
'പോയി നിന്റെ അച്ഛനോട് പറ ,കളിക്കാന്‍ വരാന്‍ ' ഞാന്‍ ദേഷ്യത്തോടെ പറഞ്ഞു .
'അച്ഛനോട് കളിക്കാന്‍ പറഞ്ഞാ, വഴീ കുഴിക്കണ കുഴി  പറമ്പില്‍ കുഴിച് രണ്ടു ചെടി വെക്കാന്‍ പറയും :'(..അപ്പൂസേട്ടന്‍ വേണേല്‍ ബാറ്റുചെയ്തോ .. '
ഞാന്‍ ഒന്ന് പുഞ്ചിരിച്ചു . ഹത് കൊള്ളാം,ബാറ്റ് ചെയ്യുകയാണേല്‍ ഇമ്മാതിരി ഓട്ടവും പാച്ചിലുമൊന്നുമ് വേണ്ട ,മാത്രമല്ല അടിച്ചൊതുക്കുക  എനിക്ക് പണ്ടേ താല്പര്യമുള്ള വിഷയവുമാണ്‌ .
ഞാന്‍ മെല്ലെ സ്റ്റംബിന്റെ അടുത്തേക്ക് നീങ്ങി . ബാറ്റും പിടിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു ,കാര്യം സത്യമാണ് ,കുട്രൂസിന്റെ അച്ഛന്‍ നല്ല ഒന്നാന്തരം ഒരു കഠിനാധ്വാനിയാണ്. ആയതുകൊണ്ട് തന്നെ അദ്ദേഹം അങ്ങനെ പറയാനേ തരമുള്ളൂ.  എന്റെ അച്ഛനും സാമാന്യം ഭേദപ്പെട്ട ഒരധ്വാനിയാണ് . പക്ഷെ ഞാന്‍ കുട്രൂസിന്റെ അത്രയായിരിക്കുമ്പോ അച്ഛന്റെ അധ്വാനത്തില്‍ മുക്കാലും എന്നെയങ്ങനെ പറമ്പിലിട്ടോടിക്കുക എന്ന സാഹസത്തിനായി ചിലവാക്കികൊണ്ടിരുന്നു .  .
ഞാന്‍ ജനിച്ച കഥ പറഞ്ഞല്ലോ , കുറച്ചു കാലം കഴിഞ്ഞപ്പോള്‍ തന്നെ വീട്ടുകാര്‍ക്ക്, വൈറസിനെ പൈസ കൊടുത്ത് ഡൌണ്‍ലോഡ് ചെയ്തല്ലോ തമ്പുരാനേ എന്ന് തോന്നിയിരിക്കണം. അമ്മാതിരിയായിരുന്നു ഞാനൊപ്പിച്ച കുരുത്തകേടുകള്‍.
ഒരിക്കല്‍ ഞാന്‍ മുത്തശിയുടെ മുറിയില്‍ സുഗന്ധം നിറയ്ക്കാനായി കിടക്കയില്‍ ചന്ദനത്തിരി കത്തിച്ചു വച്ചു (ഭാഗ്യത്തിന് മുത്തശി കിടക്കയില്‍ ഉണ്ടായിരുന്നില്ല ) . അന്ന് കിടക്ക ആകെ പുകഞ്ഞു കത്തി നാശമായിപ്പോയി.കട്ടിലും സാമാന്യം മനോഹരമായി തന്നെ കത്തി . അന്ന് ഞാന്‍ പറമ്പിലൂടെ വലിച്ചോടിയ ഒരു ഓട്ടമുണ്ട്.അതൊരു ഗോമ്പറ്റീഷനല്ലാതോണ്ട് ഗപ്പൊന്നും കിട്ടീല്ലാന്നു മാത്രം .
പിന്നെയൊരിക്കല്‍ ഞാനും ഓപ്പുവും കൂടെ പാടത്ത് മണ്ണടിക്കാന്‍  വരുന്ന ലോറിക്ക് പിറകിലൂടെ സൈക്കിള്‍ ഓടിച്ചു കളിക്കുകയായിരുന്നു (നോക്കണേ ഒരു കളി , ആ പൊടിയും മണ്ണും എല്ലാം വലിച്ചു കേറ്റി സൈകിള്‍ റേസ് ,എന്റെ ഓപ്പുവും ചില്ലറക്കാരിയല്ലെന്നു മനസിലായില്ലേ? ) ഇതെല്ലം കണ്ട് എന്റെ പ്രാണ പ്രിയ പിതാവ് വടിയും പിടിച്ചൊരു വരവ് വന്നു. ഞാന്‍ ഓടാന്‍ മിടുക്കനായതിനാലും  ഓപ്പുവാണ് സൈക്കിള്‍ ഓടിച്ചിരുന്നത് എന്നതിനാലും അച്ഛന്റെ കൈയില്‍ പെട്ടത് ഓപ്പുവാണ് .കുറ്റം പറയരുതല്ലോ ,അടിച്ചു തോല് പൊളിച്ചു കളഞ്ഞു .
ഈ കലാമേളകളെല്ലാം  അവസാനിച്ചു കഴിഞ്ഞാണ് ഞാന്‍ പിന്നെ പ്രത്യക്ഷപ്പെടുന്നത് . ഓപ്പു അപ്പോഴും കരഞ്ഞു കൊണ്ടിരുന്നു . അടികിട്ടിയതിലേറെ സങ്കടപെട്ടത് ഞാന്‍ അടികിട്ടാതെ രക്ഷപെട്ടതിനായിരുന്നു . ഞാന്‍ പോയി മനോഹരമായ ഒരു ഉമ്മ കൊടുത്തു . ഓപ്പു മനോഹരമായൊരു ചവിട്ടും തന്നു .
അച്ഛന്‍ വീട്ടില്‍ കൊണ്ട് വരുന്ന ഒരു മാതിരി പെട്ട എല്ലാം ഞാന്‍ കേടുവരുത്തിയിരുന്നു. അതുകൊണ്ട് തന്നെ എന്ത് സാധനം കേടു വന്നാലും എനിക്ക് കിട്ടേണ്ട അടി മുടങ്ങാതെ കിട്ടികൊണ്ടിരുന്നു. . അടി കിട്ടുമ്പോഴൊക്കെ ഞാന്‍  'സത്യായിട്ടും  നിയ്ക്കറിഞ്ഞൂടെയ്' എന്ന്  വലിയ വായില്‍ കാറികൊണ്ടിരുന്നു ,സത്യം പറയട്ടെ, അതില്‍ പലതും സത്യായിട്ടും ഞാന്‍ നശിപ്പിച്ചതായിരുന്നില്ല . പക്ഷെ പറഞ്ഞിട്ട് കാര്യമുണ്ടോ.. ഹാര് കേക്കാന്‍ ?.

ചൂടാക്കാന്‍ നിവര്‍ത്തി വച്ച ഇസ്തിരിപെട്ടി കമഴ്ത്തി വക്കുക,വൈക്കോല്‍ കൂനയില്‍ കൊത്തിപിടിച്ചു കയറി താഴത്ത് ചാടുക ,തുടങ്ങിയ  അലങ്കോല പണികള്‍ കൂടി ആയപ്പോള്‍ ആയപ്പോള്‍  കിട്ടുന്ന തല്ലിന് കണകില്ലെന്നു വന്നു.
തമ്പുരാനേ അങ്ങനെ എന്തെല്ലാം... ഇതെല്ലാം ആലോചിച്ചു നില്‍ക്കുമ്പോള്‍ കുട്രൂസ് ആദ്യത്തെ ബോള്‍ വലിച്ചെറിഞ്ഞു.  ഞാന്‍ അത്യുത്സാഹത്തോടെ ആഞ്ഞടിച്ചു. കിഴക്കോട്ട് പോണ്ട (പോകുമെന്ന് കരുതിയ )ബോള്‍ പടിഞ്ഞാട്ടു പോയി ജനല്‍ ചില്ലിനെ അമര്‍ത്തിയൊന്ന് ഉമ്മവച്ചു .. അത് ഒറ്റയടിക്ക് പതിനായിരം കഷണമായി താഴത്തെത്തി .
ഞാന്‍ ബാറ്റും വലിച്ചെറിഞ്ഞു ഓടി ഉമ്മറത്തെത്തി , നിലത്തു വീണു കിടന്ന പത്രമെടുത്ത്‌ നിവര്‍ത്തി വായന തുടങ്ങി. അകത്തു നിന്നും അമ്മ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു .'എന്താടാ കുട്ടാ ശബ്ദം കേട്ടത്?'
'അതാ കുട്രൂസാ അമ്മെ . ചില്ല്  പൊട്ടീന്നു തോന്നുണു, ഈ കുരുത്തം കെട്ട പിള്ളേരെ കൊണ്ട് തോറ്റല്ലോ തമ്പുരാനേ..' ഞാന്‍ നിഷ്കളങ്കതയോടെ വിളിച്ചു പറഞ്ഞു.
പാവം കുട്രൂസ് ഒന്നും മനസ്സിലാകാതെ  അന്തം വിട്ട് എന്നെയും നോക്കികൊണ്ട് നിന്നു!.

Monday, 17 October 2011

തവിടുപൊടി ജീവിതം

ഇതെങ്ങനെയാണ്  എഴുതി തുടങ്ങേണ്ടതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ തമ്പുരാനെ ... ജനിച്ചതിനെ പറ്റി എഴുതി തുടങ്ങുകയാണല്ലോ അതിന്റെ ഒരു രീതി ..പച്ചേങ്കില് കൊറേ കാലം വരെ ഞാന്‍ ജനിച്ചതാണെന്ന് വിശ്വസിക്കാനുള്ള ഒരു തെളിവും എന്റെ അച്ഛനമ്മമാര്‍ തരികയുണ്ടായില്ല്യ ...ഇന്ഹെരെന്റായി കിട്ടിയ കുരുത്തകേടിനു ഞാന്‍ എങ്ങനെ ഭൂമിയിലെത്തി എന്നാ തത്വചിന്താപരമായ  ചോദ്യത്തിനു  എന്റെ മാന്യ മാതാപിതാക്കള്‍, എന്നെ തവിടുകൊടുത്ത് വാങ്ങിച്ചതാണെന്ന് പറഞ്ഞു കളഞ്ഞു ...നോക്കണേ എന്റെ ഓപ്പൂ തറവാട്ടില്‍ മനോഹരമായി ജനിച്ചിരിക്കുന്നു. ഞാന്‍ തവിട് കൊടുത്തു വാങ്ങപെട്ടിരിക്കുന്നു.(തവിടിന് പകരം മിനിമം ഒരു കിലോ അരിയെങ്കിലും കൊടുക്കാമായിരുന്നു ,എവടെ! ) ആ കാരണം കൊണ്ടുതന്നെ ഓപ്പു ഒന്നാന്തരമായി തന്നെ  അഹങ്കരിച്ചു.  അച്ഛനെന്ത്‌ കൊണ്ടുവന്നാലും മുക്കാലും ഓപ്പു കൈക്കലാകുന്നു ,ചോദിച്ചാല്‍ ഞാന്‍ തവിട് കൊടുത്തു വാങ്ങപെട്ടവനാണ് ,ഹതൊക്കെ മതി എന്ന് ..നോക്കണേ, എന്ന്!!..ഞാനും ഈ തവിട് കഥ ഏറെകുറെ വിശ്വസിച്ചു കഴിഞ്ഞിരുന്നു. കാരണമുണ്ട് . ഓപ്പോളുടെ ജാതകം, ഭാവി  നല്ല വൃത്തിയായി എഴുതിയത്, അലമാരിയിലങ്ങനെ ഇരിക്കുന്നു, എന്റേത് എഴുതിചിട്ടില്ലെന്നു മാത്രമല്ല ജനന തീയതി ഏതോ ചിങ്ങമാസത്തിലെ ചിത്തിരയാണെന്നല്ലാതെ സമയമോ കാലമോ ഒന്നും അറിയാത്ത അവസ്ഥ . പിറന്നാള്‍ ആഘോഷിക്കുന്ന ദിവസം എന്നെ  വാങ്ങിയ ദിവസമാണെന്ന് ന്റെ ഓപ്പു. മാത്രമല്ലഎന്റെ കുട്ടികാലത്തെ ഒരൊറ്റ ഫോട്ടോ പോലും വീടിലില്ല.  ചുമരിന്റെ നാലുപാടും ഓപ്പു ചാഞ്ഞും ചരിഞ്ഞും മറിഞ്ഞും ഇരിക്കുന്ന പടങ്ങള്‍ :'(. അങ്ങനെ ഞാന്‍ ജനിച്ചിട്ടില്ലെന്ന്  ഏറെ കുറെ തീര്‍ച്ചയാക്കി കുറെകാലമങ്ങനെ കഴിച്ചു കൂട്ടി. 

പിന്നെ എപ്പഴോ അമ്മേനെ കെട്ടിപിടിച്ചു കിടക്കുമ്പോ  ഞാന്‍ കരഞ്ഞു കൊണ്ടു ചോദിച്ചു 'ന്നെ ശരിക്കും തവിട് കൊടുത്തു വാങ്ങിച്ചതാ ?'. അമ്മ മെല്ലെ എന്റെ തമുടിയില്‍ വിരലോടിച്ച് ,നെറ്റിയില്‍ അമര്ത്തി ചുംബിച്ചു .  ഞാന്‍ അമ്മേടെ വയറ്റിലായിരിക്കുന്ന  സമയത്ത് ഓപ്പു 'നിക്കൊരു ചെക്കനെ മതി ' എന്നും പറഞ്ഞു നിലവിളിച്ചതും 'ചെക്കന്‍ വന്നാ ഞാന്‍ ഇവടേം അമ്മ അവടേം ചെക്കനെ നടുക്കും കിടത്താം' എന്ന് പറഞ്ഞതും ഞാന്‍ ജനിച്ച അന്ന് അമ്മമ്മ  സന്തോഷം കൊണ്ട് (?) കരഞ്ഞതുമൊക്കെ പറഞ്ഞു തന്നു. ക്യാമറ കൊണ്ടാരെങ്കിലും ആ വഴി പോയാല്‍ മതി ,ഞാന്‍ അലറി വിളിക്കുമായിരുന്നു, അതുകൊണ്ടാണ് ഫോട്ടോ ഒന്നും എടുക്കാതിരുന്നതെന്ന്. നോക്കണേ,എന്ന്! .
  കുറച്ചാഴ്ച്ചകള്‍ക്ക് ശേഷം എന്റെ അതി സുന്ദരമായ ജാതകം എഴുതപെട്ടു, 'ഗജരാജയോഗമാണ് ,മിനിമം ഒരു പത്താനയെങ്കിലും ചെക്കന്‍ വാങ്ങുമെന്നാണ്' കണിയാന്‍ജി പറഞ്ഞത് . അങ്ങനെ നീണ്ട കാലത്തെ കാത്തിരിപ്പിനു ശേഷം  ഞാന്‍ ജനിക്കപെട്ടു!.
ഇതൊക്കെ എത്ര കാലം മുമ്പത്തെ കഥയാണ് തമ്പുരാനേ ,ഓര്‍ത്തെടുക്കുമ്പോള്‍ വല്ലാത്തൊരു സുഖം..കഴിഞ്ഞ  കുറച്ചാഴ്ച്ചകള്‍ക്ക്  മുമ്പ് ,ഞാനും ഓപ്പുവും അച്ഛനും അമ്മയും കൂടി ഒന്നിച്ചിരുന്ന് എന്റെ പിറന്നാള്‍ സദ്യ കഴിക്കുന്ന നേരത്തിങ്കല്‍ ഞാന്‍ ന്റെ പ്രാണപ്രിയ പിതാവിനോട് പറഞ്ഞു ,'എന്തൊക്കെയായാലും എന്നെ തവിട് കൊടുത്തു മേടിച്ചതാണെന്ന് കള്ളം പറഞ്ഞത് മോശായി പോയി ', അച്ഛന്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു ,' കള്ളമോ ?, അന്ന് ഒന്നൂടെ  ആലോചിച്ചിരുന്നെങ്കില്‍ കുറച്ചു തവിട് ലാഭിക്കാമായിരുന്നു ! '

Sunday, 16 October 2011

അങ്ങനെ തുടങ്ങി! :D

ഡയറി എഴുതണമെന്നു കുറെ കാലം മുമ്പ് വിചാരിച്ചു തുടങ്ങിയതാണ്‌. എന്റെ പ്രാണപ്രിയപിതാവിന്റെ കൈയ്യിലാണെങ്കില്‍ കൊല്ലം തുടങ്ങുന്ന കാലത്തിങ്കല്‍  ആവശ്യത്തിലധികം ഡയറികള്‍ കുമിഞ്ഞു കൂടുന്ന ഒരു സ്ഥിതിവിശേഷവും  ഉണ്ടായിരുന്നു. എല്ലാവര്‍ഷവും അതില്‍ നിന്ന് മനോഹരമായ ഒന്നെടുത്ത് ആദ്യത്തെ പേജില്‍ വടിവൊത്ത കൈയക്ഷരത്തില്‍ (അത് മിക്കവാറും ഓപ്പൂനെ കൊണ്ടെഴുതിക്കുകയാണ്  പതിവ് , എന്റെ എഴുത്ത് കണ്ടാല്‍  ചന്തയില്‍ ഉണക്കമത്തി വില്‍ക്കാന്‍ വച്ചിരിക്കുന്നതാണ് ഓര്മവരികയെന്നാണ് പൊതുജനാഭിപ്രായം ...ഫ്തൂ.) പേരും നാളും കുറിപ്പിച്ച് ഞാന്‍ ഡയറി എഴുതി തുടങ്ങും. സത്യം പറയണമല്ലോ (അങ്ങനെയൊരു ശീലമുണ്ടായിട്ടല്ല,ഇടക്കൊക്കെ ഞാന്‍ അതും പറയാറുണ്ട്)  മിക്കവാറും അതിനു രണ്ടാം പക്കം ഞാന്‍ അപ്പരിപാടി സുന്ദരമായി ഉപേക്ഷിക്കുകയാണ് പതിവ് . അങ്ങനെ കഴിഞ്ഞ കുംഭമാസം വരെയുള്ള കണക്കനുസരിച്ച് ഈയുള്ളവന്റെ കൈയ്യില്‍ രണ്ടു പേജുമാത്രമെഴുതിയ അഞ്ചാറ് അതിസുന്ദരമായ ഡയറികള്‍ കുമിഞ്ഞുകൂടപെട്ടിരിക്കുന്നു. ഈ വര്ഷം മുതല്‍ ഞാന്‍ സ്ഥിരമായി ഡയറി എഴുതുമെന്നെടുത്ത പ്രതിജ്ഞയും ഒന്നാന്തരമൊരു തുലാവര്‍ഷത്തില്‍ ഒലിച്ചുപോയ സ്ഥിതിക്ക് ഞാനൊരു ബൂലോക ഡയറി യെ കുറിച്ച് ചിന്തിക്കുകയുണ്ടാവുകയുണ്ടായി(!). എന്നെ സംബന്ധിച്ചിടത്തോളം എന്റെ ബ്ലോഗുകള്‍ ഡയറി പോലെത്തനെ സുരക്ഷിതമാണ്. ഞാനല്ലാതെ വേറൊരു കുഞ്ഞും ഇതൊന്നും വായിക്കാനും പോകുന്നില്ല . ഡയറി എന്ന രീതിയില്‍ ഇതിനെ പറയുന്നത് ശരിയായിരിക്കുമോ? (ആര്‍ക്കറിയാം  തമ്പുരാനെ..) ,എന്നെ സംബന്ധിച്ചിടത്തോളം എന്റെ ലൊടുക്കൂസ് ജീവിതം ഒന്നോര്ത്തെടുത്ത് സമൃദ്ധമായി പൊട്ടിച്ചിരിക്കാന്‍ വേണ്ടി മാത്രം , എനിക്ക് പറ്റുന്ന,പറ്റിയ മണ്ടത്തരങ്ങളുടെ ഒരു ഏകദേശ കണക്ക് സൂക്ഷിക്കാന്‍ വേണ്ടി മാത്രം... ഞാനെന്റെ ബൂലോക ഡയറി തുറക്കാന്‍ പോവുകയാണ്...തദവസരത്തില്‍ ഇവിടെ എനിക്ക് ചുറ്റുമിരുന്നു   ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തു രസിക്കുന്ന   NIT യിലെ മഹിളാമണികള്‍ക്കും  പുറത്ത് ഓരിയിട്ടുകൊണ്ടിരിക്കുന്ന  നറുനരിനായ്ക്കള്‍ക്കും സര്‍വ്വോപരി നന്മ നിറഞ്ഞ മാളോകര്‍ക്കും എന്റെ ഒരായിരം നന്ദി  ..ശാന്തസുന്ദര ലോകമേ  സില്സില !